
കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിച്ചത്, വ്യാജവോട്ടുകൊണ്ടാണെന്ന ആരോപണങ്ങള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ചരിത്രപരമായ വിജയം നേടിയെങ്കിലും, ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ പ്രധാനമായും ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള വോട്ടര്‍ പട്ടികയിലെ അനധികൃത എന്‍ട്രികളെക്കുറിച്ചാണ്.
ഫ്‌ലാറ്റ് ഉടമസ്ഥയായ ഒരു സ്ത്രീ തന്റെ വിലാസത്തില്‍ 9 കള്ളവോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കിയത് ഈ വിവാദത്തിന് ആക്കംകൂട്ടി. ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റുകള്‍ പോലുള്ള സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിക്കാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നാണ് പ്രധാന ആരോപണം.
എന്നാല്‍, ഈ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സിപിഐ(എം) നേതൃത്വത്തിലുള്ള എല്‍ഡിഎഫുമാണ്. സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍ തിരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ച് നേരത്തെതന്നെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനും തൃശൂരില്‍ വ്യാപകമായ വോട്ടര്‍ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ചു.
തൃശൂരിലെ വ്യാജവോട്ട് ആരോപണങ്ങള്‍ ഉയരുന്നത് തിരഞ്ഞെടുപ്പിന് ശേഷം ഒരു വര്‍ഷത്തോളം കഴിഞ്ഞാണ്. എല്‍ഡിഎഫും യുഡിഎഫും ഇതുവരെ എവിടെയായിരുന്നു എന്ന ചോദ്യമാണ് ബിജെപി ചോദിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍ പട്ടിക പരിശോധിക്കുകയോ, അനധികൃത എന്‍ട്രികള്‍ കണ്ടെത്തി പരാതി നല്‍കുകയോ ചെയ്യുന്നതില്‍ ഇരു മുന്നണികളും പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പ് ദിനത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തുകളില്‍ കള്ളവോട്ട് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അത് വ്യാപകമായ പരിശോധനയിലേക്കോ നിയമനടപടികളിലേക്കോ വഴിവെച്ചില്ല. ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ചുള്ള വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് സാധിക്കാത്തത് എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ നാണക്കേടാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് എന്താണ് പണി? വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം, അനധികൃതമായ പേരുകള്‍ കണ്ടെത്തല്‍ എന്നിവയാണ് അവരുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരം പരിശോധനകള്‍ നടത്തിയില്ലെങ്കില്‍, വാര്‍ഡ്തല പ്രവര്‍ത്തകര്‍ കുറ്റക്കാരാണ്.
ബിജെപി ഇത്തരം ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ അന്വേഷിക്കണമെങ്കില്‍, എല്‍ഡിഎഫും യുഡിഎഫും മുന്‍കൈയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണം. പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും വേണം. അല്ലാത്തപക്ഷം, ഇത്തരം വിവാദങ്ങള്‍ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കും.