നമ്മുടെ വീടുകളുടെ പറമ്പിലും വേലിക്കലും കണ്ടു വരുന്ന ഭക്ഷ്യ യോഗ്യമായ ഒരു ചെടിയാണ് വേലി ചീര. പച്ചക്കറിയിനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷകമൂല്യം അടങ്ങിയ ഇലവര്ഗവിളയിൽ പ്രദാനി കൂടിയാണ് ഈ ചീര. ഇത് താവരൈ മൂരിങ്ങ, ചിക്കൂര്‍ മാനീസ്, ബ്ലോക്ക് ചീര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം സാറോപസ് ആന്‍ഡ്രോഗൈനസ് എന്നാണ്.
പല ഇടങ്ങളിലും പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. മൈസൂർ ചീര, മധുര ചീര, സിങ്കപ്പൂർ ചീര അങ്ങനെ പോകുന്നു പേരുകൾ. ‘ചെക്കൂർ മാനീസ്’ എന്നാണ് വേലി ചീരയുടെ യഥാർത്ഥ നാമം. വില കൊടുക്കാതെ സുലഭമായി കിട്ടുന്ന ഒരു വിള കൂടിയാണ് ഇത്. പാകം ചെയ്ത് കഴിക്കുമ്പോൾ ചെറിയ രീതിയിൽ അനുഭവപ്പെടുന്ന മധുരമാണ് ഇതിന്റെ പ്രധാന ആകർഷണം.
വേലി ചീരയ്ക്ക് നമ്മൾ അറിയാതെ പോകുന്ന ഗുണങ്ങൾ ഏറെയാണ്. നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഈ ചെടിയെ ‘മൾട്ടി വൈറ്റമിൻ ഗ്രീൻ’ എന്നും വിളിക്കാറുണ്ട്. ഇല വർഗ്ഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും അധികം പോഷകങ്ങൾ അടങ്ങിയ ചെടിയാണ് വേലി ചീര. മാത്രമല്ല കേരളത്തിന്റെ കാലാവസ്ഥയിൽ ഏറ്റവും അനുയോജ്യമായി വളരുന്ന ഒരു വിഭവം കൂടിയാണ് ഇത്.
വേലിച്ചീരയിൽ ജീവകം എ, ബി, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ധാതുക്കളുടെ കലവറ കൂടിയാണ്. ഇതിൽ 7.4%ത്തോളം മാംസ്യം അടങ്ങിയിരിക്കുന്നു. വേലി ചീരയുടെ ഇളം തണ്ടും തളിരിലകളും സ്വാദിഷ്ടമായ സാലടുകളായും മറ്റു കറികളാക്കിയും കഴിക്കാവുന്നതാണ്. മൂപ്പെത്തിയ ഇലകളും ഭക്ഷ്യ യോഗ്യമാണ്. വൈറ്റമിൻ ഡി, എഫ്, കെ എന്നിവയും ഈ ചീരയിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നേത്രരോഗങ്ങൾക്കും, ത്വക്ക് രോഗങ്ങൾക്കും ഉത്തമ പ്രതിവിധി കൂടിയാണ് വേലി ചീര.
വേലി ചീര പ്രധാനമായും തോരൻ ഉണ്ടാക്കാനായാണ് ഉപയോഗിക്കുന്നത്. ദഹനത്തിനും ഉദരസംബന്ധമായ പല രോഗങ്ങൾക്കും ഇവ പ്രതിവിധിയാണ്. നട്ടു വളർത്തിയാൽ അധികം പരിചരണമോ വളമോ ഇല്ലാതെ വളർന്നു പോകുന്ന ഒരു ചെടിയാണ് വേലി ചീര. അധികം വെയിൽ കിട്ടാത്തിടത്തും തണലുള്ള സ്ഥലങ്ങളിലും ഇത് തഴച്ച് വളരും. ഇവയ്ക്ക് വലുതായി രോഗ കീടബാധകൾ ഒന്നും തന്നെ ഉണ്ടാകാറില്ല.