കണ്ണൂർ : ടി ഗോവിന്ദൻ അഖിലേന്ത്യ നാലാം ദിവസം പുരുഷ വിഭാഗത്തിൽ കെ എസ് ഇ ബി തിരുവനന്തപുരം ഇന്ത്യൻ എയർഫോഴ്സുമാണ് ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഗ്രൗണ്ടിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന സ്മാഷുകൾ ഉതിർത്തുകൊണ്ട് കാണികളെ ആവേശഭരിതരാക്കി. ക്യാപ്റ്റൻ അനു ജെയിംസ് കെഎസ്ഇബിക്ക് വേണ്ടി തുടക്കത്തിൽ തുടർച്ചയായി ഒൻപതോളം സർവീസുകൾ എയർഫോഴ്സിന്റെ ഗ്രൗണ്ടിൽ ഉതിർത്തുകൊണ്ട് തുടക്കം തന്നെ കാണികളെ ആവേശഭരിതരാക്കി.
ആദ്യ സെറ്റിൽ ഏഴ് പോയിന്റ് കളുടെ വ്യത്യാസം ഉണ്ടായിരുന്ന കെഎസ്ഇബിയെ പ്രതിരോധിച്ചു കൊണ്ട് പടിപടിയായി സമനിലയിൽ എത്തിക്കുകയായിരുന്നു എയർ ഫോഴ്സ് . എയർ ഫോഴ്സ് ക്യാപ്റ്റൻ ഷമീമിന്റെ ഉജ്ജ്വല പ്രതിരോധത്തിൽ കെഎസ്ഇബിയെ പിടിച്ചു കെട്ടി . സമനിലയിൽ എത്തിയ എയർ ഫോഴ്സ് മെല്ലെ ലീഡ് പിടിക്കുകയും 21 നെതിരെ 25 പോയിന്റ് കൾ നേടി ആദ്യ സെറ്റ് കരസ്ഥമാക്കി.
രണ്ടാമത്തെ സെറ്റിൽ അരവിന്ദന്റെ മികച്ച സെറ്റിങ്ങിൽ നാസിം , നിയാസ് , ഹേമന്ത് , അനു, അൻസബ്, പകരക്കാരനായി ഇറങ്ങിയ അർജുൻ എന്നിവർ തകർത്താടിയപ്പോൾ രണ്ടാമത്തെ സെറ്റ് 22 നെതിരെ 25 പോയിന്റുകൾ നേടി കെഎസ്ഇബി സ്വന്തമാക്കി.
നീണ്ടു നിന്ന റാലികളുടെയും , ഇടിമുഴക്കം സൃഷ്ടിക്കുന്ന സ്മാഷുകളിലൂടെയും ഇരു ടീമുകളും ഒന്നിനൊന്ന് ഒത്തിണക്കത്തോടെ കളിച്ച മൂന്നും നാലും സെറ്റുകൾ ഇന്ത്യൻ എയർഫോഴ്സ് നേടിയതോടെ ലീഗ് റൗണ്ടിൽ നിന്നു സെമിഫൈനലിലേക്ക് കടക്കാനുള്ള ഭാഗ്യം അവർക്ക് ലഭിച്ചു. പയ്യന്നൂരിന്റെ കായികാസ്വാദനത്തിന് അനുസരിച്ചുള്ള ആവേശഭരിതമാക്കുന്ന ഒരു മത്സരം ആയിരുന്നു ഇന്ന് നടന്നത് .