നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തില്‍ കാന്തപുരം മാപ്പു പറയണമെന്ന് തലാലിന്റെ സഹോദരന്‍

06:27 AM Aug 18, 2025 |


യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലപ്പെട്ട തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്ത്. തങ്ങളുടെ ഭാഗം തീര്‍ന്നു എന്ന് പറഞ്ഞ കാന്തപുരം മുസ്ലിയാര്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി പറയുന്നത്. 

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഒരു അംഗവുമായും നടത്തിയിട്ടില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ അവകാശം നിയമത്താലും ഇസ്ലാമിക വിധികളാലും പരിരക്ഷിക്കപ്പെട്ടതാണെന്നും കളവ് പ്രചരിപ്പിക്കുന്നത് കാന്തപുരം നിര്‍ത്തണമെന്നും തലാലിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു.

നേരത്തെ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറുടെ 'ക്രെഡിറ്റ് വേണ്ടെന്ന' പ്രസ്താവനക്കെതിരെയും അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തുവന്നിരുന്നു. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുല്‍ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.