മുഖക്കുരു മാറാൻ പല്ല് തേയ്ക്കും മുമ്പ് ഉമിനീർ മുഖത്ത് പുരട്ടുമെന്ന് തമന്ന

09:22 PM Aug 10, 2025 | Kavya Ramachandran
 തമന്നയുടെ സൗന്ദര്യത്തിനും അഭിനയത്തിനും ഇന്ത്യ മുഴുവൻ നിരവധി ആരാധകരാണുള്ളത്. മുപ്പത്തിയഞ്ചുകാരിയായ താരം തിരക്കേറിയ അഭിനയ ജീവിതത്തിനിടയിൽ തന്റെ സൗന്ദര്യ സംരക്ഷണത്തിന് അത്രയേറെ പ്രാധാന്യമാണ് നൽകുന്നത്.
തമന്ന ഒരു ചാനലിന് നൽകിയ ഇന്റർവ്യൂ ആണിപ്പോൾ വൈറലായിരിക്കുന്നത്. നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏൽക്കുന്ന മുഖമായിട്ടും നടിയുടെ മുഖത്ത് കുരുക്കളോ പാടുകളോ ഇല്ല. എങ്ങനെയാണ് മുഖം ശരീരവും ഈ രീതിയിൽ സൂക്ഷിക്കുന്നത് എന്നതിനുള്ള പൊടിക്കൈകൾ ഇന്റർവ്യൂവിലൂടെ പങ്കുവയ്ക്കുകയാണ് താരം.
“എങ്ങനെയാണ് മുഖം ഇങ്ങനെ ക്ലിയർ ആയി വയ്ക്കുന്നത് , എന്തെങ്കിലും പൊടിക്കൈകൾ പരീക്ഷിക്കാറുണ്ടോ” എന്ന അവതാരകയുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണിപ്പോൾ ഫാഷൻ ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീർ എടുത്ത് മുഖക്കുരുവിൽ പുരട്ടുക എന്നതാണ് വർഷങ്ങളായി മുഖക്കുരു വരാതിരിക്കാൻ താൻ ചെയ്യുന്നത്. രാവിലെയുള്ള ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുമെന്നാണ് നടി പറയുന്നത്.
‘മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ് ഉപയോഗിക്കേണ്ടത്. ഇത് ശാസ്ത്രീയമാണ്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷെ ഇത് ഞാൻ ഉപയോഗിക്കുന്ന പേഴ്സണൽ ഹാക്കാണ്. അതിൽ ശാസ്ത്രമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’. നടി ഇന്റർവ്യൂവിൽ പറഞ്ഞു.
എന്നാൽ മുഖക്കുരുവിനെ ഉമിനീർ ഉപയോഗിച്ച് മാറ്റാമെന്നതിൽ കൃത്യമായ പഠനങ്ങളൊന്നുമില്ലെന്നും വാസ്തവത്തിൽ ഉമിനീരിലെ എൻസൈമുകളും അസിഡിറ്റിയും സെൻസിറ്റീവ് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുകയോ , വരണ്ടതാക്കുകയോ ചെയ്യുമെന്നുമാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്