തമിഴ്‌നാട് മധുര തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ട് ഇന്നത്തെ കോടതി നടപടി നിര്‍ണായകം

07:22 AM Dec 05, 2025 | Suchithra Sivadas

തമിഴ്‌നാട് മധുര തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍ണായകം. കോടതി അനുമതിയില്‍ ദീപം തെളിക്കാന്‍ എത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ് തടഞ്ഞതോടെ മധുര ബഞ്ചിലെ ഇന്നത്തെ തുടര്‍നടപടികള്‍ നിര്‍ണായകമാണ്. സിക്കന്ദര്‍ ദര്‍ഗയുടെ അടുത്തുള്ള ദീപത്തൂണില്‍ ദീപം തെളിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ഹിന്ദു മുന്നണി നേതാവിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനാണ് പരിഗണിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴിന് മലയിലെത്തിയ ഹര്‍ജിക്കാരനെയും ബിജെപി നേതാക്കളെയും പൊലീസ് തടഞ്ഞിരുന്നു. ദീപത്തൂണില്‍ ദീപം തെളിക്കണമെന്ന ഡിസംബര്‍ ഒന്നിലെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി ഇന്ന് ഡിവിഷന്‍ ബഞ്ചും പരിഗണിക്കുന്നുണ്ട്. 


ദീപം തെളിക്കുന്നത് എവിടെ വേണമെന്ന് 2014ലെ കേസില്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റൊരു ഉത്തരവും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും നിയമമന്ത്രി എസ്. രഘുപതി വ്യക്തമാക്കിയിരുന്നു. സിക്കന്ദര്‍ ദര്‍ഗക്ക് സമീപമുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

 അതേസമയം,മധുര തിരുപ്പരങ്കുണ്‍ട്രം ദീപം തെളിക്കലിന്റെ പേരില്‍ ബിജെപിയും ആര്‍എസ്എസും തമിഴ്‌നാട്ടില്‍ വര്‍ഗീയരാഷ്ട്രീയത്തിന് ശ്രമിക്കുന്നതായി ഡിഎംഎകെ നേതാവ് കനിമൊഴി ആരോപിച്ചു. മധുരയിലെ ജനങ്ങളും തമിഴ്‌നാട് സര്‍ക്കാരും ഒന്നിച്ചു ഇതിനെ തോല്പിക്കുമെന്നും കനിമൊഴി പറഞ്ഞു.

Trending :