ചെന്നൈ: പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി 17നും കൂടി തമിഴ്നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 14 നും 19നും ഇടയിലെ മറ്റെല്ലാ ദിവസങ്ങളും അവധി ആയതിനാൽ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നാട്ടിലേക്ക് പോകാൻ സൗകര്യം നൽകുന്നതിനാണ് 17നും അവധി നൽകിയതെന്നാണ് വിശദീകരണം. ഇതോടെ ജനുവരി 14 മുതൽ 19 വരെ ആറ് ദിവസമാണ് അവധി.
ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ. ജനുവരി 15ന് തിരുവള്ളുവർ ദിനവും 16ന് ഉഴവർ തിരുനാളുമാണ്. ഇപ്പോൾ ഇതാ 17 കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂൾ, കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.
ജനുവരി 17ലെ അവധിക്ക് പകരം ജനുവരി 25 പ്രവൃത്തി ദിനമായിരിക്കും. അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകളുടെയും ആവശ്യം അംഗീകരിച്ചാണ് അധിക അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.