ചെന്നൈ: തമിഴ്നാട്ടിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ജൂലൈ 12 ന് തമിഴ്നാട് തിരുവള്ളൂരിലാണ് സംഭവം. റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ യുവാവ് പിന്തുടരുകയും തട്ടിക്കൊണ്ടു പോകുന്നതിൻറെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുട്ടി നടന്ന് പോകുമ്പോൾ യുവാവ് പിന്തുടരുകയായിരുന്നു. അടുത്തെത്തിയപ്പോൾ കുട്ടിയെ യുവാവ് ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു.
അവശയായ പെൺകുട്ടി വീട്ടിലെത്തി വീട്ടുകാരെ കാര്യം അറിയിച്ചു. ഇതോടെയാണ് വിവരം പുറത്ത് വരുന്നത്. കുടുംബം പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും തിരുവള്ളൂർ പൊലീസ് സൂപ്രണ്ട് അറിയിച്ചു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. നിലവിൽ ആശുപത്രിയിൽ തുടരുകയാണ് കുട്ടി. സംഭവ സ്ഥലത്തെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവത്തെ അപലപിച്ച് ബി.ജെ.പി നേതാവ് കെ അണ്ണാമലൈ രംഗത്തെത്തി. കുറ്റകൃത്യം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും പ്രതികൾ ഒളിവിൽ കഴിയുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'കുറ്റകൃത്യം നടന്ന് അഞ്ച് ദിവസമായിട്ടും കുറ്റവാളിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് അത്യന്തം ദുഃഖകരമാണെന്നും തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നതിന് ഉദാഹരണമാണ് സംഭവമെന്നും' അണ്ണാമലൈ പറഞ്ഞു.