കുക്കറിൽ എളുപ്പത്തിൽ ഉണ്ടാക്കാം തന്തൂരി ചിക്കൻ

03:55 PM Nov 09, 2025 | Neha Nair

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ - 1 കിലോ ചിക്കൻ (ലെഗ് പീസുകളോ, എല്ലോട് കൂടിയ വലിയ കഷ്ണങ്ങളോ, അല്ലെങ്കിൽ ബോൺലെസ്സ് ചിക്കനോ ആകാം). ചിക്കനിൽ ആഴത്തിലുള്ള വരകളിടുക, മസാല നന്നായി പിടിക്കാൻ ഇത് സഹായിക്കും.

കട്ടിത്തൈര്/ഗ്രീക്ക് യോഗർട്ട് - ½ കപ്പ് (വെള്ളം ഇല്ലാത്ത കട്ടിത്തൈര് വേണം).

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ

നാരങ്ങാനീര് - 1 ടേബിൾസ്പൂൺ

കശ്മീരി മുളകുപൊടി - 1-2 ടേബിൾസ്പൂൺ (നല്ല നിറത്തിനും എരിവിനും)

മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ

ജീരകപ്പൊടി - 1 ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

ഗരം മസാല - 1 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ചാട്ട് മസാല - ½ ടീസ്പൂൺ (വേണമെങ്കിൽ)

കസൂരി മേത്തി (ഉണങ്ങിയ ഉലുവയില) - 1 ടീസ്പൂൺ (കൈവെള്ളയിലിട്ട് തിരുമ്മി ചേർക്കുക)

കടുക് എണ്ണ - 1 ടേബിൾസ്പൂൺ (വേണമെങ്കിൽ)

ചുവപ്പ് ഫുഡ് കളർ - 2-3 തുള്ളി (നിർബന്ധമില്ല, റെസ്റ്റോറന്‍റ് നിറം കിട്ടാൻ)

ഒരു ചെറിയ സ്റ്റീൽ സ്റ്റാൻഡ് (പ്രഷർ കുക്കറിൽ ചിക്കൻ വെക്കാൻ)

തയ്യാറാക്കുന്ന വിധം:

- ഒരു വലിയ പാത്രത്തിൽ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, കശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ്, ചാട്ട് മസാല, കസൂരി മേത്തി, കടുക് എണ്ണ, ഫുഡ് കളർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതാണ് തന്തൂരി മസാല കൂട്ട്.

- ഇതിലേക്ക് വരഞ്ഞുവെച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്ത് മസാല എല്ലാ ഭാഗത്തും നന്നായി പുരട്ടുക.

- മസാല പുരട്ടിയ ചിക്കൻ കുറഞ്ഞത് 4-6 മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെക്കുക. ഒരു രാത്രി മുഴുവൻ വെക്കുകയാണെങ്കിൽ രുചി ഇരട്ടിക്കും. ഇനി ഇത് പാകം ചെയ്യാം. 

- ഒരു പ്രഷർ കുക്കറിന്‍റെ അടിയിൽ ഒരു ചെറിയ സ്റ്റീൽ സ്റ്റാൻഡ് വെക്കുക.

- സ്റ്റാൻഡിന്‍റെ അടിയിൽ ഏകദേശം അര കപ്പ് വെള്ളം ഒഴിക്കുക (ചിക്കൻ വെള്ളത്തിൽ മുങ്ങരുത്, സ്റ്റാൻഡിന് താഴെ മാത്രം വെള്ളം മതി).

- മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ സ്റ്റാൻഡിന് മുകളിൽ വെക്കുക.

- കുക്കറിന്‍റെ വിസിൽ ഊരിമാറ്റുക, ഗ്യാസ്കറ്റ് (റബ്ബർ വാഷർ) ഊരി മാറ്റേണ്ടതില്ല.

- കുക്കർ അടച്ച് ചെറിയ തീയിൽ 20-25 മിനിറ്റ് നേരം വേവിക്കുക.

- ഇടയ്ക്ക് ചിക്കൻ അടിക്ക് പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുക. ആവശ്യമാണെങ്കിൽ അല്പം വെള്ളം ചേർക്കാം.

ഇനി തന്തൂരി ഫിനിഷ് അഥവാ കരിച്ചെടുക്കുകയാണ് വേണ്ടത്.

- ചിക്കൻ വെന്ത ശേഷം, കുക്കർ തുറന്ന് ചിക്കൻ കഷ്ണങ്ങൾ ശ്രദ്ധയോടെ പുറത്തെടുക്കുക.

- ഇനി ഇത് ഒരു ഗ്രില്ലിലോ, പാനിലോ, അല്ലെങ്കിൽ നേരിട്ട് ഗ്യാസ് അടുപ്പിന്‍റെ തീയിലോ വെച്ച് ചെറുതായി കരിച്ചെടുക്കാം.

- നേരിട്ട് തീയിലാണെങ്കില്‍ ഗ്യാസ് സ്റ്റൗവിലെ തീ കുറച്ച്, ഓരോ ചിക്കൻ കഷ്ണവും നേരിട്ട് തീയുടെ മുകളിൽ വെച്ച് എല്ലാ വശവും ചെറുതായി കരിച്ചെടുക്കുക. ഇത് തന്തൂരി രുചിയും പുകഞ്ഞ മണവും നൽകും.

- ഇനി അതല്ല, പാനിൽ ആണെങ്കില്‍ ഒരു നോൺ സ്റ്റിക്ക് പാൻ ചൂടാക്കി അല്പം എണ്ണ തേച്ച്, ചിക്കൻ കഷ്ണങ്ങൾ എല്ലാ വശവും മൊരിഞ്ഞും കരിഞ്ഞും വരുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക.

- ഇങ്ങനെ തയ്യാറാക്കിയ തന്തൂരി ചിക്കൻ ചൂടോടെ  സാലഡ്, പുതിന ചട്ണി, നാരങ്ങ കഷ്ണങ്ങൾ മുതലായവക്കൊപ്പം വിളമ്പാം.