
തിരുവല്ല : എം സി റോഡിലെ തിരുവല്ല രാമൻചിറയിൽ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ടെക്നോപാർക്ക് ജീവനക്കാരന് പരിക്ക്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് ജീവനക്കാരൻ കൊച്ചി സ്വദേശി സുബാൻ മുഹമ്മദ് (27)നാണ് പരിക്കേറ്റത്.
ഒപ്പം ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശിനിയായ സഹപ്രവർത്തക നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം. രാമൻചിറയിലെ പമ്പിൽ നിന്നും പെട്രോൾ അടിച്ച ശേഷം റോഡിലേക്ക് ഇറങ്ങിയ ബൈക്കിൽ തിരുവല്ല ഭാഗത്തുനിന്നും വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും പമ്പ് ജീവനക്കാരും സമീപവാസികളും ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു തോളെല്ലിന് ഒടിവ് സംഭവിച്ച സുബാന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.