കൊച്ചി: ഒക്ടോബര്‍ 14ന് ടാറ്റാ മോട്ടോഴ്സിന്റെ ഷെയര്‍ വിലയില്‍ 40%യിലധികം കുറവ് വന്നത് സമൂഹമാധ്യമങ്ങളിലും സാമ്പത്തിക രംഗത്തും വലിയ ചര്‍ച്ചയായി. നിക്ഷേപകര്‍ക്ക് ഇതിലൂടെ ശതകോടികള്‍ നഷ്ടമുണ്ടായതായും വാര്‍ത്തകളെത്തി. എന്നാല്‍, ഇത് യഥാര്‍ത്ഥത്തില്‍ ഒരു 'ക്രാഷ്' അല്ല, മറിച്ച് കമ്പനിയുടെ വിഭജന പ്രക്രിയയുടെ ഫലമാണ്.
ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ കമേഴ്സ്യല്‍ വാഹന വിഭാഗം പുതിയ കമ്പനിയായ ടാറ്റാ മോട്ടോര്‍സ് കമേഴ്സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് ആയി വേര്‍പെടുത്തി. ബാക്കി വരുന്ന പാസഞ്ചര്‍ വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നിവയാണ് പാരന്റ് കമ്പനിയായ ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡില്‍ തുടരുക.
ചൊവ്വാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 399 രൂപയില്‍ ഓപ്പണ്‍ ചെയ്ത സ്റ്റോക് 395 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 40% കുറവ്. ഇത് ഒരു യഥാര്‍ത്ഥത്തില്‍ നിക്ഷേപകരെ ബാധിക്കില്ല. ചൊവ്വാഴ്ച മുതല്‍ ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ഷെയറുകള്‍ കമേഴ്സ്യല്‍ വിഭാഗമില്ലാതെയാണ് ട്രേഡ് ചെയ്യുന്നത്.
ഒക്ടോബര്‍ 13 വരെ ഷെയറുകള്‍ പിടിച്ചിരുന്ന ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഓരോ ടാറ്റാ മോട്ടോഴ്സ് ഷെയറിനും ഒരു ടാറ്റാ മോട്ടോര്‍സ് കമേഴ്സ്യല്‍ വെഹിക്കിള്‍സ് ലിമിറ്റഡ് ഷെയര്‍ കൂടി ലഭിക്കും. പുതിയ ഷെയറുകള്‍ ഡിമാറ്റ് അക്കൗണ്ടുകളില്‍ 30-45 ദിവസത്തിനുള്ളില്‍ ക്രെഡിറ്റ് ചെയ്യും.
വിഭജനം കമ്പനികളുടെ മൂല്യം വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. വ്യത്യസ്ത ബിസിനസുകളിലൂടെ മികച്ച മൂല്യം നിലനിര്‍ത്താന്‍ കമ്പനികള്‍ക്ക് കഴിയുമെന്നതാണ് നേട്ടം. പുതിയ കമ്പനിയുടെ ഓഹരി വില 320 രൂപയ്ക്കും 470 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.