+

അധ്യാപകപരിശീലനത്തിൽ വളകാപ്പ് ചടങ്ങ്: വൈറലായി വീഡിയോ , പുലിവാലുപിടിച്ച് അധ്യാപകർ ;വിശദീകരണം തേടി പ്രോജക്ട് ഓഫീസർ

കോഴിക്കോട് ഗർഭിണിയായ സഹപ്രവർത്തകയുടെ സന്തോഷത്തിൽ പങ്കുചേർന്ന് അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ് നടത്തിയതിന്റെ വീഡിയോ വൈറലായി  

വട്ടോളി: കോഴിക്കോട് ഗർഭിണിയായ സഹപ്രവർത്തകയുടെ സന്തോഷത്തിൽ പങ്കുചേർന്ന് അധ്യാപകപരിശീലനത്തിനിടെ വളകാപ്പുചടങ്ങ് നടത്തിയതിന്റെ വീഡിയോ വൈറലായി  . എതിർത്തും അനുകൂലിച്ചും അധ്യാപകരും പൊതുസമൂഹവും സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചതോടെ സംസ്ഥാന പ്രോജക്ട് ഓഫീസർ, ബിപിഒയിൽനിന്ന് വിശദീകരണം തേടി.

കുന്നുമ്മൽ ബിആർസിയുടെ നേതൃത്വത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിശീലനപരിപാടിക്ക് വന്ന എൽപി വിഭാഗം അധ്യാപകരാണ് ചടങ്ങ് നടത്തിയത്. പരിശീലനപരിപാടി പൂർത്തിയായശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് അധ്യാപകർ പറയുന്നു. മേയ് 13 മുതൽ 17 വരെ നടന്ന ആദ്യഘട്ടപരിശീലനത്തിന്റെ അവസാനദിവസമായിരുന്നു പരിപാടി.

ബിആർസി അധികൃതർ അറിയാതെയാണ് അധ്യാപകർ പരിപാടി നടത്തിയതെന്ന്‌ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. അബ്ദുൽ ഹക്കീം പറഞ്ഞു. അധ്യാപകപരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികൾ പൂർണമായി ഒഴിവാക്കാൻ കർശനനിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

facebook twitter