അധ്യാപകരെ പൂജിക്കുകയല്ല ബഹുമാനിക്കുകയാണ് വേണ്ടത്, അറിവാണ് പകരേണ്ടത് അജ്ഞതയല്ല ; വിദ്യാര്‍ത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവത്തില്‍ വിമര്‍ശനം

07:47 AM Jul 12, 2025 |


മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍. സംഘപരിവാര്‍ നാടിനെ എങ്ങോട്ട് നയിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവര്‍ത്തിയെന്ന് ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടത് അജ്ഞതയല്ല, അറിവാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ജെയിംസ് സാമുവല്‍ പ്രതികരിച്ചു.
പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം-

അധ്യാപകരെ പൂജിക്കുകയല്ല ബഹുമാനിക്കുകയാണ് വേണ്ടത്... അറിവാണ് പകരേണ്ടത് അജ്ഞതയല്ല..
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ പാദ പൂജ നടന്നു എന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ഗുരുപൂജ എന്ന പേരില്‍ സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ പൂജിച്ചത്. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു.
ശാസ്ത്രരംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത് തന്നെ സംഘപരിവാര്‍ നമ്മുടെ നാടിനെ എങ്ങോട്ട് നയിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ്. പുരോഗമന കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസരംഗത്താണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് ഇടപെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കണം.
ഇത്തരത്തില്‍ നാടിനെ പിന്നോട്ട് നയിക്കുന്ന സംഭവങ്ങള്‍ക്കെതിരായി ശക്തമായ പ്രതിഷേധങ്ങള്‍ ഡിവൈഎഫ്ഐ സംഘടിപ്പിക്കും.

മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് 'പാദ പൂജ'യെന്ന പേരില്‍ അധ്യാപകരുടെ കാല്‍കഴുകിച്ചത്. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.