ശമ്പളം 45 ലക്ഷം രൂപ, ജോലി വലിച്ചെറിഞ്ഞ് 38 ലക്ഷം രൂപയുടെ ജോലിക്ക് ചേര്‍ന്നു, ഇപ്പോള്‍ യുവാവ് പറയുന്നത് ഇങ്ങനെ

11:08 AM Oct 03, 2025 | Raj C

ഗുരുഗ്രാം: ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലപ്പോഴും വമ്പന്‍ ശമ്പളം ലഭിക്കാറുണ്ട്. പണം ലഭിക്കുമെങ്കിലും അമിതമായ ജോലി സമ്മര്‍ദ്ദം കാരണം പലരും മറ്റു ജോലിയിലേക്ക് തിരിയുന്നത് സാധാരണമാണ്. ഗുരുഗ്രാമില്‍ വര്‍ക്ക് ചെയ്യുന്ന ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ കഥയും മറിച്ചല്ല.

ബെംഗളൂരുവിലെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് 45 ലക്ഷം രൂപ വാര്‍ഷിക ശമ്പള ഓഫര്‍ ലഭിച്ചിരുന്നെങ്കിലും, അധിക ജോലിഭാരവും മറ്റൊരു നഗരത്തിലേക്കുള്ള മാറ്റവും കാരണം അത് വേണ്ടെന്ന് വെച്ചു. പകരം, തന്റെ നഗരത്തിലെ ഒരു എംഎന്‍സിയില്‍ 38 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി തിരഞ്ഞെടുത്തു.

സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെയുള്ള വെളിപ്പെടുത്തല്‍ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി. ബെംഗളുരുവിലെ ജോലി വേണ്ടെന്ന് വെച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നെന്ന് പോസ്റ്റില്‍ പറയുന്നു.

കരിയറിന്റെ തുടക്കത്തില്‍, സര്‍വീസ് ബേസ്ഡ് എംഎന്‍സിയില്‍ 3.8 ലക്ഷം രൂപ ശമ്പളത്തിനാണ് ജോലി ആരംഭിക്കുന്നത്. നാലുമാസം കഴിഞ്ഞ് പ്രൊഡക്റ്റ് ബേസ്ഡ് സ്റ്റാര്‍ട്ടപ്പിലേക്ക് മാറി. വാര്‍ഷിക ശമ്പളം 26-28 ലക്ഷം രൂപയായി ഉയര്‍ന്നു. എന്നാല്‍, വര്‍ക്ക് കള്‍ച്ചര്‍ മോശമായതോടെ രണ്ട് വര്‍ഷത്തിന് ശേഷം അവിടെ നിന്ന് രാജിവച്ചു. ഇപ്പോള്‍, പ്രൊഡക്റ്റ് ബേസ്ഡ് എംഎന്‍സിയില്‍ 38 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി ചെയ്യുന്നു.

ടെക്കിയുടെ പോസ്റ്റിന് വൈവിധ്യമാര്‍ന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. ഭൂരിഭാഗം യൂസര്‍മാരും 38 ലക്ഷം രൂപ ശമ്പളത്തിന്റെ ജോലിക്ക് പിന്തുണയുമായെത്തി. പണത്തേക്കാള്‍ മൂല്യമുള്ളതാണ് സമാധാനം. അടുത്ത വര്‍ഷം 50 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ലഭിച്ചേക്കാമെന്ന് ഒരാള്‍ പ്രതികരിച്ചു. കിട്ടുന്ന അവസരത്തില്‍ നല്ല ശമ്പളമുള്ള ജോലികള്‍ സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടവരും ചുരുക്കമല്ല.

ഇന്ത്യന്‍ ഐടി മേഖലയില്‍ ഈ സംഭവം ഒരു ട്രെന്‍ഡിന്റെ സൂചനയാണ്. ഉയര്‍ന്ന ശമ്പളങ്ങള്‍ക്കിടയിലും, റിലൊക്കേഷന്‍, ടോക്‌സിക് വര്‍ക്ക് എന്‍വയോണ്‍മെന്റ് എന്നിവയാണ് യുവ പ്രൊഫഷണലുകളെ ബാധിക്കുന്നത്. റെഡിറ്റ് പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്, പണത്തിനപ്പുറം മാനസിക സമാധാനത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്.