ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് ഏഴ് മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്.
300 രൂപ ടിക്കറ്റിനായി ക്യൂ നിൽക്കുന്ന ആളുകളുടെ ഇടയിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. ശ്രീ വരാഹ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലെ ചന്ദനമഹോത്സവത്തോട് അനുബന്ധിച്ചാണ് അപകടമുണ്ടായത്. എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. എസ്.ഡി.ആർ.എഫും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ഫയർ ആൻഡ് റെസ്ക്യു വിഭാഗവും രക്ഷാപ്രവർത്തനത്തായി ഉണ്ട്.
മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തി. തീർഥാടകരുടെ മരണത്തിൽ ദുഃഖമുണ്ട്. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. കനത്ത മഴയിലാണ് ക്ഷേത്രത്തിന്റെ മതിൽ തകർന്നത്. ജില്ലാ കലക്ടറുമായും എസ്.പിയുമായും വിഷയം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.അനിത സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എസ്.പിയുമായും ജില്ലാ കലക്ടറുമായും പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നിരവധി പേർ പട്ട് സമർപ്പിച്ചിരുന്നു.