മോദിയുടേത് വെറും വാചകക്കസര്‍ത്ത് മാത്രമോ? പത്താന്‍കോട്ടും പുല്‍വാമയിലും ജമ്മുവിലുമെല്ലാം ഭീകരാക്രമണവും സുരക്ഷാവീഴ്ചയും, തിരിച്ചടികള്‍ പേരിനുമാത്രം, 1.84 ലക്ഷത്തോളം സൈനികരുടെ കുറവ് നികത്തുന്നില്ല

11:41 AM Apr 25, 2025 | Raj C

ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്തത് രാജ്യമെങ്ങും പ്രതിഷേധത്തിന് ഇടയാക്കുമ്പോള്‍ സുരക്ഷാവീഴ്ച പ്രകടമാണെന്ന വിമര്‍ശനവും ഉയരുകയാണ്. ആയിരക്കണക്കിന് ടൂറിസ്റ്റുകളെത്തുന്ന ബൈസരനില്‍ പേരിനുപോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകാറില്ലെന്നത് തീവ്രവാദികള്‍ക്ക് തുണയായി.

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ നയതന്ത്രതലത്തില്‍ നടപടികള്‍ കടുപ്പിക്കുകയാണ്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുന്നതുപോലുള്ള കടുത്ത നടപടികളാണ് ഇന്ത്യയെടുക്കുന്നത്. എന്നാല്‍, നിരപരാധികളെ വെടിവെച്ചശേഷം രക്ഷപ്പെട്ട തീവ്രവാദികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം രാജ്യത്ത് ഒട്ടേറെ ഭീകരാക്രമണങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം തീവ്രവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയുമെല്ലാം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. പക്ഷെ, അതിര്‍ത്തികടന്നുള്ള തിരിച്ചടികൡലൂടെ തീവ്രവാദികളെ ഇല്ലാതാക്കാനാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ പ്രധാന ഭീകരാക്രമണങ്ങള്‍ നടന്നിട്ടില്ല എന്ന് ചില ബിജെപി നേതാക്കള്‍ അവകാശപ്പെടുമ്പോഴും ജമ്മു കശ്മീര്‍, മാവോയിസ്റ്റ് പ്രദേശങ്ങള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമണങ്ങള്‍ നടന്നു.

മോദി സര്‍ക്കാര്‍ കാലത്തെ ആക്രമണങ്ങള്‍,

    2016, പത്താന്‍കോട്ട് ആക്രമണം: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ 7 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
    2017, സുക്മ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
    2019, പുല്‍വാമ ആക്രമണം: ജമ്മു കശ്മീരില്‍ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ആത്മഹത്യാ ബോംബാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ഇതിന് പിന്നാലെ ഇന്ത്യ പാകിസ്താനിലെ ബലാകോട്ടില്‍ പ്രത്യാക്രമണം നടത്തി.
    2021ല്‍ ജമ്മു കശ്മീരിലുണ്ടായ 153 ആക്രമണങ്ങളില്‍ 274 പേര്‍ മരിച്ചു (45 സുരക്ഷാ ഉദ്യോഗസ്ഥര്‍, 36 സാധാരണക്കാര്‍, 193 ഭീകരവാദികള്‍).
    2023, ജമ്മു കശ്മീര്‍ & ഛത്തീസ്ഗഢ്: ജമ്മുവില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു; ഛത്തീസ്ഗഢില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു.
    2024, ഗന്ദര്‍ബാല്‍ & ഡോഡ: ജമ്മു കശ്മീരില്‍ 6 തൊഴിലാളികളും ഒരു ഡോക്ടറും, 4 സൈനികരും കൊല്ലപ്പെട്ടു.
    2025, പഹല്‍ഗാം ആക്രമണം: ജമ്മു കശ്മീരിലെ അനന്തനാഗില്‍ 26 സാധാരണക്കാര്‍, കൂടുതലും വിനോദസഞ്ചാരികള്‍, കൊല്ലപ്പെട്ടു. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

   ജമ്മു കശ്മീര്‍ ആണ് ഭീകരാക്രമണങ്ങളുടെ പ്രധാന കേന്ദ്രം. 2018-ല്‍ 451 മരണങ്ങളാണ് ആക്രമണങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2023-ല്‍ 94 ആക്രമണങ്ങളില്‍ 117 മരണങ്ങള്‍.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുമ്പോഴും രാജ്യത്ത് 1.5 ലക്ഷത്തിലധികം സൈനികരുടെ കുറവുണ്ടെന്നാണ് കണക്ക്. ഈ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ല. സൈനികരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പ്രധാന സ്ഥലങ്ങളിലെ സുരക്ഷാവിന്യാസത്തന് തടസ്സമാകുന്നു.

10 ശതമാനം നിയമനം കഴിഞ്ഞവര്‍ഷം വെട്ടിക്കുറച്ചതിന് പുറമേയാണിത്. കേന്ദ്ര പ്രതിരോധ മന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് സമര്‍പ്പിച്ച കണക്കനുസരിച്ച് 12.48 ലക്ഷമാണ് കരസേനയുടെ അംഗബലം. അനുവദിക്കപ്പെട്ട എണ്ണത്തില്‍ ലക്ഷത്തിലേറെ കുറവാണിത്.

സ്ഥിരം നിയമനം ഒഴിവാക്കാന്‍ 2022ല്‍ ആരംഭിച്ച അഗ്‌നിപഥിലൂടെ സൈനികരുടെ കുറവ് പരിഹരിക്കാമെന്ന വാദവും വെറുതെയായി. ഒരു വര്‍ഷം 40,000 നിയമനങ്ങള്‍ ഇതുവഴി നടക്കുമ്പോള്‍ വിരമിക്കുന്നത് 70,000പേര്‍. നിലവിലുള്ള സൈനികരില്‍ 50,000പേരെ അഞ്ചുവര്‍ഷമായി കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലാണ് വിന്യസിച്ചിരിക്കുന്നത്.