ടെസ്‍ലയുടെ ഒപ്റ്റിമസ് റോബോട്ടുകൾ അധികം വൈകാതെ ഗ്രഹങ്ങളായ ​ചൊവ്വയിലും ചന്ദ്രനിലും താവളങ്ങൾ പണിയും ; ഇലോൺ മസ്ക്

07:17 PM Nov 08, 2025 | Neha Nair

ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഒപ്റ്റിമസ് റോബോട്ടുകൾ അധികം വൈകാതെ ഗ്രഹങ്ങളായ ​ചൊവ്വയിലും ചന്ദ്രനിലും താവളങ്ങൾ പണിയുമെന്ന് സി.ഇ.ഒ ഇലോൺ മസ്ക്. അടുത്ത പത്ത്‍ വർഷം ടെസ്‍ലയിൽ തുടരാൻ മസ്കിന് 423.7 ദശലക്ഷം പുതിയ ഓഹരികൾ നൽകുന്ന പാക്കേജ് ഓഹരി ഉടമകൾ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ചോക്കേറ്റ് ബാഗ് കൈമാറുന്നതിൽനിന്ന് മനുഷ്യനേക്കാൾ വിജയകരമായി ശസ്ത്രക്രിയ നടത്തുന്നവരായി ടെസ്‍ല വികസിപ്പിക്കുന്ന ഹൂമനോയിഡ് റോബോട്ടുകൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം വർഷവും തുടർച്ചയായി വിൽപന ഇടിഞ്ഞ ടെസ്‍ലയുടെ കാർ ഉത്പാദനം 50 ശതമാനം വർധിപ്പിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചു.

ഒപ്റ്റിമസ് റോബോട്ട്, വളരെക്കാലമായി വൈകുന്ന സെമി ട്രക്ക്, ഡ്രൈവർ ഇല്ലാത്ത സൈബർകാബ് തുടങ്ങിയ മൂന്ന് ഉത്പന്നങ്ങൾ അടുത്ത വർഷം പുറത്തിറക്കാനാണ് മസ്‌കിന്റെ പദ്ധതി. ആഗോള വ്യാപാര അനിശ്ചിതാവസ്ഥ കാരണം ലഭ്യത കുറഞ്ഞ സെമികണ്ടക്ടറുകൾ ടെസ്‍ല തന്നെ നിർമിക്കുമെന്നും അദ്ദേഹം സൂചന നൽകി.

പാക്കേജ് അംഗീകരിക്കുന്നതിന് നടത്തിയ വോട്ടെടുപ്പിൽ മസ്കിന് അനുകൂലമായി 75 ശതമാനത്തിലേറെ ഓഹരി ഉടമകളും വോട്ടു ചെയ്തതായി ജനറൽ കൗൺസിൽ ബ്രാൻഡൻ എർഹാർട്ടാണ് പ്രഖ്യാപിച്ചത്. ഓസ്റ്റിനിലെ ടെസ്‌ലയുടെ ഫാക്ടറിയിൽ തടിച്ചുകൂടിയ ജനക്കൂട്ടം വൻ കരഘോഷത്തോടെയാണ് തീരുമാനത്തെ സ്വീകരിച്ചത്. നോർവെയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനിയായ നോർജസ് ബാങ്ക് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് അടക്കമുള്ള ടെസ്‍ലയുടെ പ്രമുഖ ഓഹരി ഉടമകളുടെ എതിർപ്പ് മറികടന്നാണ് മസ്കിന്റെ പാക്കേജ് അംഗീകരിച്ചത്.