കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹിമാനി നര്‍വാളിന്റെ മൃതദേഹമടങ്ങിയ ട്രോളിയുമായി പ്രതി സച്ചിന്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മാസ്‌ക് അണിഞ്ഞ് കറുത്ത ട്രോളി ബാഗ് വലിച്ചുകൊണ്ട് റോഡിലൂടെ നീങ്ങുന്ന സച്ചിനെ സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഫെബ്രുവരി 28ലെ ഹിമാനിയുടെ രോഹ്തക്കിലെ വീടിന് പുറത്തുനിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുളളത്.
സംഭവത്തില്‍ ഹിമാനിയുടെ ആണ്‍സുഹൃത്തായ സച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ചാണ് ഹിമാനിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ ഹിമാനിയെ കൊലപ്പെടുത്തിയത്. മൊബൈല്‍ ഷോപ്പ് ഉടമയായ സച്ചിന്‍ വിവാഹിതനാണെന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം ഹിമാനി നര്‍വാളിന്റെ ആഭരണങ്ങളും ഫോണും ലാപ്ടോപ്പും പ്രതി കവര്‍ന്നിരുന്നു. ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി സാംപ്ല ബസിന് സമീപമുള്ള ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ കൈയില്‍ കടിയേറ്റ പാടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വയം പ്രതിരോധിക്കുന്നതിനായി ഹിമാനി തന്നെ പ്രതിയെ ആക്രമിച്ചതായാണ് പൊലീസിന്റെ നിഗമനം.