ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഭരണകക്ഷിയായ ബിജെപിക്ക് ലഭിക്കുന്ന ഫണ്ടില്‍ ഒരു കുറവും വന്നിട്ടില്ലെന്ന് കണക്കുകള്‍. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമര്‍പ്പിച്ച സംഭാവന റിപ്പോര്‍ട്ട് പ്രകാരം 6,073 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം പാര്‍ട്ടിക്ക് ലഭിച്ചത്. മുന്‍ വര്‍ഷത്തെ 3,967 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 53 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 2023-24 വര്‍ഷത്തില്‍ ലഭിച്ച തുകയുടെ 42 ശതമാനവും ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിയാണ് ബിജെപിയുടെ വരുമാനത്തിന്റെ പ്രധാന പങ്കും എത്തിയത്. വിവിധ സ്രോതസ്സുകളില്‍ നിന്നായി ഇലക്ടറല്‍ ട്രസ്റ്റുകള്‍ സമാഹരിച്ച 3,811 കോടി രൂപയില്‍ 3,112 കോടി രൂപയും ബിജെപിക്കാണ് നല്‍കിയത്. ബാക്കിയുള്ള 2,961 കോടി രൂപ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി സമാഹരിച്ചു. പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് ബിജെപിയുടെ ദാതാക്കളുടെ പട്ടികയില്‍ മുന്നിലുള്ളത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടി രൂപയും റുങ്ത സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് 95 കോടി രൂപയും വേദാന്ത ലിമിറ്റഡ് 67 കോടി രൂപയും നല്‍കി. ഇവരെ കൂടാതെ മാക്രോടെക് ഡെവലപ്പേഴ്സ്, ലോട്ടസ് ഹോംടെക്സ്റ്റൈല്‍സ്, ഐടിസി ലിമിറ്റഡ്, മാന്‍കൈന്‍ഡ് ഫാര്‍മ, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് തുടങ്ങിയ വന്‍കിട കമ്പനികളും പാര്‍ട്ടിയുടെ പ്രധാന ദാതാക്കളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബിജെപിക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന സംഭാവനയാണിത്.
20,000 രൂപയ്ക്ക് മുകളിലുള്ള വ്യക്തിഗത സംഭാവനകളുടെ വിവരങ്ങളാണ് ഡിസംബര്‍ എട്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ നിയമപ്രകാരം ചെക്ക്, ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ബാങ്ക് കൈമാറ്റങ്ങള്‍ വഴി മാത്രമേ കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കാന്‍ സാധിക്കൂ. ഇത്തരം വിവരങ്ങള്‍ കൃത്യമായി ഓഡിറ്റ് റിപ്പോര്‍ട്ടുകളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. 2017-18 കാലഘട്ടത്തിലാണ് മോദി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി കൊണ്ടുവന്നത്.
ബിജെപിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംഭാവനയായി ലഭിച്ചത് 6073 കോടി രൂപ
11:28 AM Dec 21, 2025
| Suchithra Sivadas