വിഴിഞ്ഞത്തിന് സമീപം കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ 12 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുംമൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം റോസി ഹൗസില്‍ പത്രോസിന്റെയും ഡയാനയുടെയും മകന്‍ ജോബിളി (12) ന്റെ മൃതദേഹമാണ് മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്.
ജോബിളിനെ കാണാതായതിന് സമീപത്തായി കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. അടിമലത്തുറ ലൂയിസ് മെമ്മോറിയല്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോബിളിനെ 31ന് വൈകിട്ട് 4.30 ഓടെയായിരുന്നു കാണാതായത്.
സ്‌കൂള്‍ വിട്ട് വന്നശേഷം ബന്ധുവായ പതിനൊന്ന് കാരനൊപ്പം കടല്‍ക്കരയില്‍ എത്തിയശേഷം ജോബിള്‍ വസ്ത്രങ്ങളും ചെരുപ്പും കരയില്‍ ഊരിവച്ച് കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ജോബിള്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ടതു കണ്ട് കരയില്‍നിന്ന കുട്ടി നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചു. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യ തൊഴിലാളികളുമുപ്പെടെ മൂന്നു ദിവസമായി തിരച്ചില്‍ നടത്തിവരുകയായിരുന്നു.