ഇന്ത്യ - പാക് വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്ന് നാലാം രാത്രി അതിര്‍ത്തി ശാന്തം. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിര്‍ത്തി മേഖലകള്‍ ശാന്തമായിരുന്നു. എവിടെയും ഡ്രോണ്‍ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോര്‍ട്ടില്ല. ഇതിനിടെ പഞ്ചാബിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്കൂളുകള്‍ ഇന്ന് തുറക്കും. രാവിലെ മുതല്‍ ഉച്ച വരെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
അമൃത്സര്‍, തന് തരണ്‍, ഫാസില്‍ക, ഫിറോസ്പൂര്‍, പഠാന്‍കോട്ട് എന്നിവിടങ്ങളിലെ സ്കൂളുകളാണ് തുറക്കുന്നത്. എന്നാല്‍, ജമ്മുവില്‍ സ്കൂളുകള്‍ തുറക്കാന്‍ വൈകും. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ജമ്മുവിലെ സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.