തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശം ; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും

08:13 AM May 16, 2025 | Suchithra Sivadas

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് വിലയിരുത്തല്‍. 
ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. കേസെടുക്കുന്നതിലുളള നിയമോപദേശം ആലപ്പുഴ സൗത്ത് പൊലീസിന് ഇന്ന് ലഭിക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ബിജി ആണ് നിയമോപദേശം നല്‍കുക.

36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരന്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ ഇന്നലെ പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍ എത്തി അമ്പലപ്പുഴ തഹസില്‍ദാര്‍ മൊഴിയെടുത്തിരുന്നു. സംഭവം വിവാദമായതോടെ ജി സുധാകരന്‍  പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞു.

വോട്ടുമാറ്റി കുത്തുന്നവര്‍ക്ക് താന്‍ ചെറിയൊരു ജാഗ്രത നല്‍കിയതാണെന്നും അല്‍പ്പം ഭാവന കലര്‍ത്തിയാണ് താന്‍ സംസാരിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു. 'ആ പരാമര്‍ശം ഞാന്‍ പൊതുവേ പറഞ്ഞതാണ്. അല്‍പ്പം ഭാവന കലര്‍ത്തിയാണ് പറഞ്ഞത്. ഒരുതവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല. ഒരു വോട്ടുപോലും തിരുത്തിയിട്ടില്ല. ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. വോട്ട് മാറ്റി കുത്തുന്നവര്‍ക്ക് ജാഗ്രത നല്‍കിയതാണ്. മൊഴിയെടുത്തപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്'-എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.