
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫിനെതിരായ എല്‍ഡിഎഫ് വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍. തോറ്റ് നാറും എന്ന് തോന്നുമ്പോള്‍ ഉണ്ടാക്കുന്ന വഴിതിരിച്ചുവിടല്‍ ആണ് നിലവിലെ ആരോപണങ്ങള്‍ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. ദേശീയ പാത തകര്‍ന്നാല്‍ പോലും സര്‍ക്കാരിന് പരാതിയില്ല. കേന്ദ്ര മന്ത്രിക്ക് പോലും പരാതിയുണ്ട്. ആരെങ്കിലും ഇതിന് പിന്നാലെ പോയാല്‍ അതും പരമാപരാധമാണെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.
വോട്ടിന് വേണ്ടി യുഡിഎഫ് ആരുമായും കൂട്ടുകൂടുമെന്നാണ് വെല്‍ഫെയര്‍ പിന്തുണയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. സമൂഹം അകറ്റി നിര്‍ത്തുന്നവരെ കൂടെകൂട്ടി വോട്ട് കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമി എന്താണെന്ന് നേരത്തെ തന്നെ വ്യക്തമായതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.