സ്പോർട്സ് സ്കൂളിലെ കുട്ടികളെ എൽഡിഎഫ് സ്ഥാനാർത്ഥി ഒ.കെ വിനീഷിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറക്കിയത് വിവാദമായി പെരുമാറ്റചട്ട ലംഘനത്തിൽ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡൻ്റ് പരാതി നൽകി

05:21 PM Dec 07, 2025 | Desk Kerala

കണ്ണൂർ: കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷനിൽ    ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ കണ്ണൂർ  സ്പോർട്സ് സ്കൂളിലെ കുട്ടികളെ ഉപയോഗിച്ചത്  തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർക്ക് പരാതി നൽകി.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു.ഷറഫലിയുൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. സർക്കാറിന്റെ ആഭിമുഖ്യത്തിലുള്ള  സംവിധാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കായി ഉപയോഗപ്പെടുത്തുന്നത് നിയമം കർശനമായി തടയുമ്പോഴാണ് ഇത്തരമൊരു ചട്ട ലംഘനം നടന്നത്.  മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കൂടിയായ ഒ. കെ. ബിനീഷ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ  ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തിലാണ്  സ്പോർട്സ് സ്കൂളിലെ കുട്ടികളെ അധികാര ദുർവിനിയോഗം നടത്തി തെരഞ്ഞെടുപ്പ് റാലിക്കു അണിനിരത്തിയത്.  

ഇതിന് ഒത്താശ ചെയ്തുകൊടുത്ത  സ്പോർട്സ് സ്കൂളിലെ ബന്ധപ്പെട്ട അധികാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ ഒ. കെ. ബിനീഷ് എന്ന സ്ഥാനാർത്ഥിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

Trending :