ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷയ്ക്കാണ് പ്രാധാന്യം ; ഏറ്റവും ലാഭത്തില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍

06:30 AM Aug 25, 2025 | Suchithra Sivadas

ഏറ്റവും ലാഭത്തില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍. യുഎസ് താരിഫ് വര്‍ധനക്കിടയില്‍ ദേശീയ താത്പര്യം സംരക്ഷിക്കാന്‍ നടപടികള്‍ തുടരുമെന്നും അദ്ദേഹം ഒരു റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്ക ഇന്ത്യക്ക് മേലുള്ള താരിഫ് വര്‍ധിപ്പിച്ച നടപടിയെ അന്യായവും, യുക്തിരഹിതവും, നീതീകരിക്കാനാവാത്തതുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം എണ്ണ വിപണിയിലും ആഗോള എണ്ണ വിപണിയിലും സ്ഥിരത കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതിനാല്‍ യുഎസ് തീരുമാനം അന്യായവും യുക്തിരഹിതവും നീതീകരിക്കാനാവാത്തതുമാണ്. രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്ന നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.