ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വിവാഹച്ചടങ്ങിന് തൊട്ടുമുമ്ബ് വരന്‍ വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതോടെ വധു വിവാഹം വേണ്ടെന്ന് വെച്ചു.സദര്‍ ബസാറിലെ യുഗ്വീന ലൈബ്രറിക്ക് സമീപം നടന്ന വിവാഹ ചടങ്ങിലായിരുന്നു സംഭവം. വിവാഹത്തലേന്നുള്ള വിരുന്ന് നടക്കുന്നതിനിടെയാണ് വ്യവസായിയായ വരന്‍ ഋഷഭ് സ്ഥലത്തെത്തിയത്.
ചടങ്ങിലെ മുഖ്യ ഇനമായ സപ്തപദിക്ക് തൊട്ടുമുമ്ബ് ഋഷഭ് വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത് ബ്രെസ്സ കാറും 20 ലക്ഷം രൂപയുമാണ്. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുമെന്ന ഭീഷണിയും. വരന്റെ പിതാവ് മുരളി മനോഹര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാദത്തില്‍ ഉറച്ചുനിന്നു.
വരന്റെ പണത്തോടുള്ള ആര്‍ത്തിയില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് വധുവായ ജ്യോതി അറിയിക്കുകയും ഇതോടെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കുകയുമായിരുന്നു. ചടങ്ങുകള്‍ നിര്‍ത്തിയതോടെ, വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളുമായി വാക്കേറ്റമുണ്ടായി.