ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് കുറ്റക്കാരന്‍ എന്ന് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജി വയ്ക്കേണ്ടതായി വരും. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. മാര്‍ച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി മെയ് നാലിനാണ് ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല് നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചത്.