+

സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ്‌ ബലി പെരുന്നാൾ, ആശംസകൾ നേർന്ന് എം.വി ഗോവിന്ദൻ

ബലിപെരുന്നാൾ ആശംസകൾ നേർന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ത്യാഗത്തിന്റെ സ്മരണകൾ ഉണർത്തി വീണ്ടുമൊരു ബലി പെരുന്നാൾ കൂടി ആഘോഷിക്കുകയാണ്‌.

കണ്ണൂർ: ബലിപെരുന്നാൾ ആശംസകൾ നേർന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ത്യാഗത്തിന്റെ സ്മരണകൾ ഉണർത്തി വീണ്ടുമൊരു ബലി പെരുന്നാൾ കൂടി ആഘോഷിക്കുകയാണ്‌.

മകനെ ബലി നൽകണമെന്ന കൽപന അനുസരിക്കാൻ ഇബ്രാഹിം നബി തയ്യാറായതിന്റെ ഓർമ പുതുക്കിയാണ്‌ ലോകമെമ്പാടുമുള്ള വിശ്വാസികൾ ബക്രീദാഘോഷിക്കുന്നത്‌. പ്രവാചകന്റെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ ഓർമകളാണ്‌ ബലിപെരുന്നാൾ പങ്കുവയ്ക്കുന്നത്‌. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ്‌ ബലി പെരുന്നാൾ പകർന്ന്‌ നൽകുന്നത്‌.

ബലി പെരുന്നാളിന്‌ മുന്നോടിയായി ലക്ഷക്കണക്കിന്‌ വിശ്വാസികൾ ഹജ്ജ്‌ കർമങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ളവരും കർമങ്ങളിൽ പങ്കുകൊണ്ടു. ഹജ്ജ്‌ നിർവഹിക്കാൻ പോകുന്നവർക്കായി പതിവുപോലെ എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിരുന്നു.

വർഗീയതയും വിഭാഗീയ ചിന്തകളും പ്രചരിപ്പിച്ച്‌ ജനങ്ങൾക്കിടയിൽ ഭിന്നിപ്പിന്‌ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുമെന്ന്‌ പ്രതിജ്ഞയെടുക്കാനുള്ള അവസരം കൂടിയാണ്‌ ബക്രീദ്‌. അധിനിവേശത്തിന്റെ കെടുതികൾ അനുഭവിക്കുന്ന പലസ്തീൻ ജനതയടക്കമുള്ളവരോട്‌ നാം ഈ സന്ദർഭത്തിൽ ഐക്യപ്പെടേണ്ടതുണ്ട്‌.

യുദ്ധക്കെടുതി അനുഭവിക്കുന്ന പതിനായിരങ്ങളാണ്‌ ഗാസയിൽ വിശന്നുവലയുന്നത്‌. അധിനിവേശത്തെയും യുദ്ധക്കൊതിയെയും പ്രതിരോധിക്കാനുള്ള ഊർജം ബലിപെരുന്നാൾ ലോകത്തിന്‌ പകരും. ഏവർക്കും സ്നേഹവും ഐശ്വര്യങ്ങൾ നിറഞ്ഞ ബക്രീദ്‌ ആശംസിക്കുന്നു വെന്ന് എം.വി ഗോവിന്ദൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

facebook twitter