+

പ്രായപൂര്‍ത്തിയാവാത്ത അന്തേവാസി ഗര്‍ഭിണിയായി; സ്വകാര്യ അനാഥാലയത്തില്‍ നിന്ന് 24 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു

അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായെന്ന പരാതി നേരിടുന്ന പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്ന് 24 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു.പോക്‌സോ കേസില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സി ഡബ്ല്യൂ സി ഇടപെട്ടു കുട്ടികളെ മാറ്റിയത്.

പത്തനംതിട്ട:അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണിയായെന്ന പരാതി നേരിടുന്ന പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്ന് 24 കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു.പോക്‌സോ കേസില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സി ഡബ്ല്യൂ സി ഇടപെട്ടു കുട്ടികളെ മാറ്റിയത്.

അനാഥാലയ നടത്തിപ്പുകാരിയുടെ മകന്‍ അന്തേവാസിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകും മുന്‍പാണെന്നും അത് മറച്ചുവയ്ക്കാന്‍ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയര്‍ന്നു. രേഖാമൂലം കിട്ടിയ പരാതി സി ഡബ്ല്യൂ സി പോലീസിനു കൈമാറി.

പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയ അടൂര്‍ പോലീസ് പോക്‌സോ കേസെടുത്തു. എന്നാല്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല. സ്ഥാപനത്തിനെതിരെ ഗൗരവമേറിയ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായ കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി ജില്ലയിലെ മറ്റു നാലു സ്ഥാപനങ്ങളിലേക്കു മാറ്റാന്‍ സി ഡബ്ല്യൂ സി തീരുമാനിച്ചത്

.ഇവരുടെ തുടര്‍ വിദ്യാഭ്യാസം സി ഡബ്ല്യൂ സി ഉറപ്പാക്കും. വിവാദ കേന്ദ്രത്തിലുളള വയോജനങ്ങളുടെ കാര്യത്തില്‍ സാമൂഹ്യ നീതി വകുപ്പ് തീരുമാനമെടുക്കും. അറസ്റ്റ് അടക്കം നടപടിയിലേക്ക് പോലീസ് നീങ്ങിയാല്‍ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാനാണ് സാധ്യത. അംഗീകാരം റദ്ദാക്കാനുളള സാധ്യത മുന്നില്‍ കണ്ട് സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തുന്നതായി കാണിച്ച്‌ നടത്തിപ്പുകാരി സി ഡബ്ല്യൂ സിക്ക് കത്ത് നല്‍കിയെന്നും സൂചനയുണ്ട്.

facebook twitter