+

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം പുറത്തറിയുന്നതിനേക്കാള്‍ രൂക്ഷം; പ്രതിക്കൂട്ടില്‍ നഗരസഭയും യുഡിഎഫും, ഒരക്ഷരം മിണ്ടാതെ പ്രതിപക്ഷം; നഗരത്തിലെ കച്ചവടക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

തളിപ്പറമ്പ് നഗരത്തിലും പരിസരപ്രദേശത്തും മാസങ്ങളായി തുടരുന്ന മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായതോടെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു. നഗരത്തിലെ ശുദ്ധജല വിതരണത്തിലുണ്ടായ വീഴ്ചയാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം.

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തിലും പരിസരപ്രദേശത്തും മാസങ്ങളായി തുടരുന്ന മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായതോടെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു. നഗരത്തിലെ ശുദ്ധജല വിതരണത്തിലുണ്ടായ വീഴ്ചയാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം. രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങളായെങ്കിലും ഉറവിടം കണ്ടെത്താനോ നിയന്ത്രിക്കാനോ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയ്‌ക്കോ ആരോഗ്യ വകുപ്പിനോ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ പ്രതിപക്ഷമായ എല്‍.ഡി.എഫിന്റെ മൗനവും അമ്പരപ്പിക്കുന്നതാണെന്ന് ജനങ്ങള്‍ പറയുന്നു.

ഏറ്റവും ഒടുവിലത്തെ സംഭവത്തില്‍ നഗരത്തിലെ കുടിവെള്ള വിതരണത്തില്‍ ഇ കോളി മാലിന്യം കണ്ടെത്തിയെന്നാണ് ജില്ലാ ആരോഗ്യ വിഭാഗത്തിൻ്റെ വിശദീകരണം. എന്നാല്‍, വിതരണ വാഹനത്തിലെ വെള്ളത്തില്‍ മലത്തിന്റെ സാന്നിധ്യം ഉറപ്പിക്കുമ്പോഴും വെള്ളം എടുത്തുവെന്നു പറയുന്ന കിണര്‍ മലിനമാണെന്നോ അല്ലെന്നോ ഉറപ്പിച്ച് പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല.

കിണര്‍വെള്ളം ശുദ്ധീകരിച്ചതാകാമെന്നും വെള്ളം വിതരണം ചെയ്യുന്ന ജാഫര്‍ എന്ന കുടിവെള്ള വിതരണക്കാര്‍ മറ്റൊരിടത്തുനിന്നാകാം വെള്ളമെടുത്തതെന്നുമൊക്കെയാണ് ഇപ്പോഴത്തെ നിഗമനം. പുഴവെള്ളം ശുദ്ധീകരിക്കാതെ വിതരണം ചെയ്തതും രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ടാകാം. നഗരത്തിലെ പലഭാഗത്തുനിന്നും വെള്ളം ഉപയോഗിച്ചവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് ജാഫറിലേക്ക് സംശയം നീണ്ടത്.

The municipality and UDF are responsible for the spread of yellow fever in Taliparamba

ജാഫര്‍ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന നിലപാടിലായിരുന്നു നേരത്തെ നഗരസഭ. എന്നാല്‍, ജാഫര്‍ തന്നെ പണംമുടക്കി നടത്തിയ ടെസ്റ്റിന്റെ ഫലം എങ്ങിനെ വിശ്വസനീയമാകുമെന്നാണ് ചോദ്യമുയരുന്നത്. രോഗവ്യാപനം ഇത്രയേറെ രൂക്ഷമായിട്ടും വിവിധയിടങ്ങളില്‍ നിന്നുള്ള ജല സാമ്പിളുകള്‍ ശേഖരിച്ച് ടെസ്റ്റ് നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നതും, ജല വിതരണക്കാര്‍ സ്വന്തം നിലയ്ക്ക് നടത്തിയ ടെസ്റ്റ് അംഗീകരിച്ചു എന്നതും നാണക്കേടുണ്ടാക്കുന്നതാണ്.

വിദഗ്ധ സംഘത്തെ നിയോഗിച്ച് നഗരത്തിലെ മഞ്ഞപ്പിത്ത വ്യാപനം തടയാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. വ്യാപകമായ പരിശോധനയും ബോധവത്കരണവും വേണ്ടിടത്ത് മെല്ലെപ്പോക്ക് നടത്തിയത് നഗരത്തിലെ വ്യാപാരമേഖലയെ സംരക്ഷിക്കാനാണെന്ന് ഒരുവിഭാഗം ജനങ്ങള്‍ ആരോപിക്കുന്നു. ജനങ്ങളുടെ ജീവനേക്കാള്‍ വലുതായി വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് പ്രധാന്യം നല്‍കുന്ന നഗരസഭ കനത്ത വില നല്‍കേണ്ടിവരും അവര്‍ മുന്നറിയിപ്പ് നല്‍കി.

Jaundice outbreak in Taliparamba

എത്രപേര്‍ക്ക് ഇതുവരെ രോഗബാധയുണ്ടായെന്ന കൃത്യമായ കണക്കുപോലും നഗരസഭയുടെ കൈയ്യിലില്ല. കണക്കുകൾ ശേഖരിക്കുന്നത് ജില്ലാ ആരോഗ്യ വിഭാഗമാണെന്നാണ് വിശദീകരണം. ജില്ലാ ആരോഗ്യ വിഭാഗത്തിനും വീഴ്ചയുണ്ടായെന്ന വിമർശനമുയർന്നതോടെ രോഗബാധയുണ്ടായ സാധ്യതകളെക്കുറിച്ച് ലിസ്റ്റ് പുറത്തു വിട്ട് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി കൈകഴുകാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനു പകരം ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ വിദഗ്ദ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഉറവിടം വ്യക്തമായി പറയാന്‍ സാധിക്കുന്ന രീതിയില്‍ അന്വേഷണം നടത്താന്‍ വൈദഗ്ദ്യമുള്ളവരെ ചുമതലപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ഇനിയും വൈകരുത്. നഗരസഭ വിഷയത്തില്‍ കാണിക്കുന്ന ഗൗരവമില്ലായ്മയ്ക്ക് പ്രധാന കാരണം പ്രതിപക്ഷത്തിന്റെ പിന്തുണയാണ്. ജനങ്ങള്‍ക്കുവേണ്ടി കനത്ത പ്രതിഷേധമുയര്‍ത്തേണ്ട എല്‍.ഡി.എഫ് മൗനം പാലിക്കുന്നത് ദുരൂഹമാണ്.

നഗരത്തിലെത്തിയവര്‍ വെള്ളം കുടിക്കാന്‍ മടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ജനങ്ങളുടെ ഭീതിയകറ്റി ജനജീവിതം സാധാരണ നിലയിലാക്കാന്‍ നഗരസഭയും ജില്ലാ ആരോഗ്യ വകുപ്പും രംഗത്തിറങ്ങണം.

facebook twitter