പാര്‍ട്ടി പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണ് ; ശബരീനാഥന്‍

06:40 AM Nov 03, 2025 |


തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാര്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. പാര്‍ട്ടി പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നും തന്നെ നയിക്കുന്നത് തിരുവനന്തപുരത്തിനോടുള്ള അടങ്ങാത്ത സ്നേഹവും കോണ്‍ഗ്രസ് ആദര്‍ശങ്ങളിലെ വിശ്വാസവുമാണെന്ന് ശബരീനാഥന്‍ പറഞ്ഞു.

നേരത്തെ അരുവിക്കരയില്‍ മത്സരിച്ച സാഹചര്യവും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. '2015 മെയ് മാസം അവസാനം ടാറ്റാ ട്രസ്റ്റിന്റെ ഒരു സുപ്രധാന മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ വേണ്ടി മുംബൈയില്‍ നിന്ന് ഡല്‍ഹിയില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് നാട്ടിലേക്ക് ഉടനെ തിരികെ വരണം എന്ന് പറഞ്ഞുകൊണ്ട് ഉമ്മന്‍ ചാണ്ടി സാറും ശ്രീ രമേശ് ചെന്നിത്തലയും ശ്രീ വി എം സുധീരനും ഒരു ഫോണില്‍ എന്നെ വിളിക്കുന്നത്. അന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സമ്മതം മൂളിയത് വ്യക്തിപരമായ കാര്യങ്ങള്‍ പരിഗണിച്ചല്ല. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വൈകാരിക ബന്ധവും അതിനോടൊപ്പം എന്റെ സ്വന്തം നാടിനുവേണ്ടി പ്രവര്‍ത്തിക്കണം എന്നുള്ള അതിയായ ആഗ്രഹവുമായിരുന്നു', ശബരീനാഥന്‍ പറഞ്ഞു.

പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സംഘടനപ്രവര്‍ത്തനത്തിന്റെയും പാര്‍ലിമെന്ററി പരിചയത്തിന്റെയും അനുഭവസമ്പത്തോടെ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പാര്‍ട്ടി തന്നെ ഒരു പുതിയ ദൗത്യം ഏല്‍പ്പിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. ഈ ഉദ്യമത്തില്‍ എല്ലാവരുടെയും സഹായവും സ്നേഹവും പ്രാര്‍ത്ഥനയും ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ഒറ്റക്കെട്ടായി തുടങ്ങുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സംവദിക്കാമെന്നും ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.