നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നില്‍ക്കെ വിചാരകോടതിയില്‍ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഡിസംബര്‍ എട്ടിനാണ് കേസില്‍ അന്തിമ വിധി വരുക. കാവ്യ-ദിലീപ് ബന്ധമാണ് നടിയെ ആക്രമിച്ചുകൊണ്ടുള്ള കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കാവ്യയുടെ നമ്പറുകള്‍ പല പേരുകളിലാണ് ദിലീപ് ഫോണില്‍ സേവ് ചെയ്തിരുന്നത്. രാമന്‍, ആര്‍യുകെ അണ്ണന്‍, മീന്‍, വ്യാസന്‍ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാനായിരുന്നു ഇത്തരത്തില്‍ മറ്റു പേരുകള്‍ നല്‍കിയതെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്. 'Dil Ka' എന്ന പേരിലാണ് ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ കാവ്യയുടെ നമ്പര്‍ സേവ് ചെയ്തിരുന്നത്. ഈ നമ്പര്‍ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം.
കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, പ്രോസിക്യൂഷന്‍ ആരോപണം തളളിയാണ് ദിലീപ് കോടതിയില്‍ വാദിച്ചത്.ക്വട്ടേഷന്‍ നല്‍കിയിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നും ദിലീപ് വാദിച്ചു. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിനും നടിയൊരു കാരണമല്ലെന്നും ദിലീപ് വാദിച്ചു. 2012ല്‍ തന്നെ മഞ്ജുവാര്യര്‍ ദിലീപും കാവ്യും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്റെ വാദത്തിലുണ്ട്. ദിലീപിന്റെ ഫോണില്‍ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. മറ്റു പേരുകളില്‍ വന്ന മേസജില്‍ സംശയം തോന്നിയതോടെ മഞ്ജുവാര്യര്‍ സംയുക്താ വര്‍മ്മയ്ക്കും ഗീതു മോഹന്‍ദാസിനുമൊപ്പം നടിയെ പോയി കാണുകയായിരുന്നു. തുടര്‍ന്ന് നടി ഇക്കാര്യം പറയുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.