ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 22 വയസ്സുള്ള യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ചകേരി നിവാസിയായ ഋഷികേശ് ആണ് മരിച്ചത്. മരിച്ച യുവാവ് പ്രതികളില്‍ ഒരാളുടെ സഹോദരിയുമായി പ്രണയത്തിലായിരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഋഷികേശിനെ കാണാനില്ലെന്ന് പറഞ്ഞ് മൂത്ത സഹോദരന്‍ രവി കുമാര്‍ കഴിഞ്ഞ ഞായറാഴ്ച്ച പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം യുവാവിന്റെ മൃതദേഹം മഹാരാജ്പൂര്‍ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. തലയറുത്ത് നദീതീരത്ത് വലിച്ചെറിഞ്ഞ അവസ്ഥയില്‍ ആയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പ്രധാന പ്രതി ഉള്‍പ്പെടെ നാല് പേര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
സംഭവമിങ്ങനെ, ആഗസ്റ്റ് 29 ന് വൈകുന്നേരം രണ്ട് അയല്‍ക്കാരും സുഹൃത്തുക്കളുമായ മോഗ്ലി, നിഖില്‍ എന്നിവര്‍ ഋഷികേശിനെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ട് പോയി. ഗണേശ ചതുര്‍ത്ഥി ഒരുക്കങ്ങള്‍ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് പവന്‍, ബാബി, ഡാനി, സത്യം, ഋഷു, ആകാശ് തുടങ്ങിയ പ്രതികളും ഗണേശ ചതുര്‍ത്ഥി ഒരുക്കങ്ങള്‍ നടക്കുന്ന പന്തലിനടുത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. ഇവര്‍ എല്ലാവരും ചേര്‍ന്ന് ഋഷികേശിനെ ഒരു മോട്ടോര്‍ സൈക്കിളില്‍ കയറ്റി കാണ്‍പൂരിന്റെ പ്രാന്തപ്രദേശത്തുള്ള ഒറ്റപ്പെട്ട പ്രദേശമായ കകോരി വനത്തിലേക്ക് കൊണ്ടുപോയി. 2 ദിവസം കഴിഞ്ഞിട്ടും ഋഷികേശ് തിരിച്ചെത്താതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കക്കോരി വനത്തില്‍ ഋഷികേശിനെ കയറുകൊണ്ട് കെട്ടിയിട്ട്, കാലുകള്‍ ബന്ധിച്ച്, കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതായി പൊലീസ് പറയുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് തലയറുത്ത് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ കൊണ്ടുപോകാന്‍ ഒരു ചാക്ക് സംഘം കയ്യില്‍ കരുതിയിരുന്നു. തുടര്‍ന്ന് സംഘം ഒരു ഇ-റിക്ഷയില്‍ ശരീരത്തിന്റെ മുറിച്ചുമാറ്റിയ ഭാഗങ്ങള്‍ ജജ്മൗ പാലത്തിലേക്ക് കൊണ്ടുപോയി വ്യത്യസ്ത ദിശകളിലേക്ക് ഗംഗാ നദിയിലേക്ക് എറിഞ്ഞുവെന്നും പൊലീസ് പറയുന്നു.