+

പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല, സഭയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി കെ രാജന്‍

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ആക്രമണം തുടരുകയാണെന്നും കെ രാജന്‍ വിമര്‍ശിച്ചു

പിഎംശ്രീ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും കെ രാജന്‍ വ്യക്തമാക്കി.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ആക്രമണം തുടരുകയാണെന്നും കെ രാജന്‍ വിമര്‍ശിച്ചു. ഉച്ചക്കഞ്ഞിയില്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ ആക്രമണം തുടരുകയാണ്. കേരളത്തിന്റെ വിയോജിപ്പ് നിലനില്‍ക്കുന്നതുകൊണ്ടാണ് പദ്ധതിയില്‍ ഒപ്പിടാത്തത്. ഫണ്ട് തരനാകില്ലെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്ത് പാര്‍ട്ടിയില്‍ മറ്റൊരഭിപ്രായമില്ല. തന്റെ അറിവില്‍ പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തതായി അറിവില്ല. ചര്‍ച്ച നടന്നാല്‍ അഭിപ്രായം പറയും. ആവശ്യമെങ്കില്‍ മന്ത്രിസഭായോഗം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

facebook twitter