
എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി കഴിഞ്ഞ പ്രാവശ്യം നിശിതമായി വിമര്‍ശിച്ചിരുന്നു. എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷവും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയോട് സമയം നീട്ടി ചോദിച്ചിരുന്നു. ഇതാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്.
അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് വിജിലന്‍സ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍മേല്‍ കോടതി ഉന്നയിക്കുന്ന സംശയങ്ങള്‍ നിര്‍ണായമാകും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മേല്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി തല്‍സ്ഥിത റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.