+

'തീവ്രത എന്ന വാക്ക് റിപ്പോര്‍ട്ടിലില്ല, തെറ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം ; പി കെ ശ്രീമതി

'മനസാ വാച അറിയാത്ത കാര്യങ്ങളില്‍ പോലും എനിക്കെതിരെ കുപ്രചാരണം നടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എന്റേത്.


സിപിഐഎം നേതാവ് പി കെ ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനാരോപണത്തില്‍ അന്വേഷണം നടത്തി പാര്‍ട്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 'തീവ്രത' എന്ന വാക്ക് ഇല്ലെന്ന് പി കെ ശ്രീമതി. തീവ്രതയുമായി ബന്ധപ്പെട്ട് ആരോടും താന്‍ പ്രതികരിച്ചിട്ടില്ലെന്നും കണ്ടാലും കേട്ടാലും അറപ്പുളവാക്കുളള ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. ഇത്തരം ആക്രമണം നടത്തുന്നവര്‍ക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കില്‍ ആയിക്കോളൂ എന്നും ഈ വൃത്തികേടുകള്‍ എഴുതിവിടുന്നവരുടെ പ്രായത്തിലുളള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കാന്‍ കുറച്ച് വിഷമിക്കേണ്ടിവരും എന്നേയുളളു എന്നും പി കെ ശ്രീമതി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.

'മനസാ വാച അറിയാത്ത കാര്യങ്ങളില്‍ പോലും എനിക്കെതിരെ കുപ്രചാരണം നടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എന്റേത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റ് ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സിപി ഐഎം എന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അന്ന് ആരോപണവിധേയനായ വ്യക്തിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത ശിക്ഷ കിട്ടിയതാണ് എന്നുളള കാര്യം പോലും പലരും മറന്നുപോയി': പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മറ്റാരോ ഉപയോഗിച്ച വാക്ക് പിന്നീട് പത്രങ്ങളില്‍ വരികയായിരുന്നുവെന്നും അങ്ങനൊരു വാക്ക് റിപ്പോര്‍ട്ടിലില്ലെന്നും പി കെ ശ്രീമതി നേരത്തെ പറഞ്ഞിരുന്നു.

അടുത്തിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായരും സമാന പരാമര്‍ശം നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും സിപി ഐഎം നേതാവ് എം മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമാണ് എന്നുമാണ് ലസിത നായര്‍ പറഞ്ഞത്. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി നേരത്തെ വന്നേനെ എന്നും ലസിത നായര്‍ പറഞ്ഞിരുന്നു.

Trending :
facebook twitter