+

ശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ അമൃത ആശുപത്രിയിൽ നീക്കം ചെയ്തു; വിക്ടറിന് ഇനി ആഫ്രിക്കയിലേക്ക് മടങ്ങാം

ഗുരുതരമായ ശ്വാസ കോശ രോഗം ബാധിച്ച സഹോദരൻ വിക്ടറിനെയും കൊണ്ട് പശ്ചിമ ആഫ്രിക്കയിലെ സിയറാ ലിയോണിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് വരുമ്പോൾ വലിയ പ്രതീക്ഷയൊന്നും പാട്രിക്ക് ഫ്രിമാനുണ്ടായിരുന്നില്ല.

കൊച്ചി: ഗുരുതരമായ ശ്വാസ കോശ രോഗം ബാധിച്ച സഹോദരൻ വിക്ടറിനെയും കൊണ്ട് പശ്ചിമ ആഫ്രിക്കയിലെ സിയറാ ലിയോണിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് വരുമ്പോൾ വലിയ പ്രതീക്ഷയൊന്നും പാട്രിക്ക് ഫ്രിമാനുണ്ടായിരുന്നില്ല.

മൂന്ന് വർഷത്തോളമായി ചുമയും ശ്വാസ തടസ്സവും  ന്യൂമോണിയുമായി ആഫ്രിക്കയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് സഹോദരനെ തുർക്കിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ചുമയ്ക്കുമ്പോൾ രക്തം വരുന്ന തരത്തിൽ രോഗം ഗുരുതരമായി തീർന്നിരുന്നു. അവിടുന്ന് എടുത്ത സി.ടി സ്കാനിലാണ് ശ്വാസകോശത്തിനുള്ളിൽ ഗുരുതരമായ എന്തോ ഉള്ളതായി വ്യക്തമായത്. എന്നാൽ അത് എന്താണെന്ന് തിരിച്ചറിയാൻ അവർക്ക് ആയിരുന്നില്ല.

ആ ഘട്ടത്തിലാണ് അവിടുത്തെ ഒരു ഡോക്ടർ കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ടിങ്കു ജോസഫിനെ കുറിച്ച് പറയുന്നതും കേസ് റഫർ ചെയ്യുന്നതും. ആ ഘട്ടത്തിൽ അതീവ ഗുരുതരവസ്ഥയിലായിരുന്നു വിക്ടർ. അവസാന പ്രതിക്ഷയെന്ന നിലയിലാണ് അവർ വിക്ടറിനെയും കൊണ്ട് കൊച്ചി അമൃത ആശുപത്രിയിൽ എത്തിയത്.

തുടർന്ന് ഡോ. ടിങ്കുജോസഫിൻ്റെ നേതൃത്വത്തിൽ നടന്ന വിദഗ്ധ പരിശോധനയിൽ  ശ്വാസകോശത്തിൻ്റെ ഇടതു വശത്തേ നാളത്തിൽ  ഒരു മുഴ കണ്ടെത്തുകയായിരുന്നു. കൃത്രിമ ശ്വാസം നൽകിയായിരുന്നു ആ ഘട്ടത്തിൽ രോഗിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഉടനെ ശസ്ത്രക്രിയ നടത്തി മുഴ പൂർണമായും നീക്കം ചെയ്തു. ഇടത് ശ്വാസകോശം പൂർണമായും തുറന്നു കിട്ടുകയും ചെയ്തു. ഇതോടെ രോഗിയ്ക്ക് ശ്വാസതടസ്സം പൂർണമായി ഭേദപ്പെട്ടു. ചുമയും നിന്നു. ആരോഗ്യം മെച്ചപ്പെട്ടു എങ്കിലും എടുത്തു മാറ്റിയ ട്യൂമർ കോശങ്ങൾ പരിശോധനയ്ക്ക് അയച്ചപ്പോൾ എട്ടിപ്പിക്കൽ കാർസിനോയിഡ് എന്ന ട്യൂമറാണെന്ന് ബോധ്യപ്പെട്ടു. അർബുദ നിർണയം നടത്തിയപ്പോൾ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചതായി കണ്ടെത്തി.

മെഡിക്കൽ ഓൺകോളജി വിഭാഗത്തിലെ ഡോ. സൗരഭ് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അർബുദത്തിനുള്ള ചികിത്സയും കീമോതെറാപ്പിയും എടുത്തതോടെ രോഗി ആരോഗ്യം വീണ്ടെടുത്തു തുടങ്ങി. വലിയ പുരോഗതിയാണ് പിന്നിടങ്ങോട്ട് വിക്ടറിന് ഉണ്ടായതെന്ന് ബന്ധുക്കൾ തന്നെ പറയുന്നു. ഏതാണ്ട് രണ്ട് മാസത്തെ ചികിത്സ പൂർത്തിയാക്കി വിക്ടർ സിറയാ ലിയോണിലേക്ക് മടങ്ങുമ്പോൾ കേരളത്തിലെ ചികിത്സാ സംവിധാനത്തെയും അമൃത ആശുപത്രിയിലെ പരിചരണത്തിനും ഹൃദയപൂർവ്വം നന്ദി പറഞ്ഞാണ് അവർ മടങ്ങിയത്. ഇപ്പോഴും ഓരോ ഘട്ടത്തിലും അമൃത ആശുപത്രിയുമായി രോഗിയും രോഗിയുടെ ബന്ധുക്കളും ബന്ധപ്പെടുന്നുണ്ട് എന്ന് ഡോ. ടിങ്കു  ജോസഫ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മേന്മയായിട്ടാണ് ഈ ഒരു സംഭവത്തെ കാണുന്നതെന്നും കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസ കോശ രോഗ വിദഗ്ധനായ ഡോ. ടിങ്കു ജോസഫ് പറഞ്ഞു.

facebook twitter