പാലക്കാട് :പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചതില്‍ ചികിത്സാപ്പിഴവെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണനാണ് (47) ഇന്ന് പുലർച്ചെ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത്.
ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം നൽകി ഇന്നലെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു.
വീട്ടിലെത്തിയ സനിൽ ഇന്ന് കുഴഞ്ഞ് വീണ് മരിച്ചു.സംഭവത്തിൽ ആർഎംഒ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിശോധനകളിൽ ഗുരുതര പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ആൻജിയോഗ്രാം ചെയ്യണമെന്ന് നിർദ്ദേശം നൽകി ഡിസ്ചാർജ്ജ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.