പിക്കപ്പ് വാൻ മോഷ്ടിച്ച് ആക്രിയായി പൊളിച്ചു വിറ്റു ; പ്രതിയും കൂട്ടുപ്രതിയും അറസ്റ്റിൽ

07:23 PM Oct 15, 2025 | Neha Nair

വിഴിഞ്ഞം : കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി ഒരു പിക്കപ്പ് വാൻ മോഷ്ടിച്ച്, അത് ആക്രിയായി പൊളിച്ചു വിൽക്കുന്ന കടയിലെത്തിച്ച് പണം സ്വന്തമാക്കിയ കേസിൽ പ്രധാന പ്രതിയും അയാളുടെ കൂട്ടാളിയും പോലീസ് പിടിയിലായി. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയായ രാജേഷ് (38), വാഹനം വാങ്ങി പൊളിച്ച് വിറ്റ തമിഴ്‌നാട് കാഞ്ഞിരംകോട് സ്വദേശിയായ എഡ്‌വിൻ എന്നിവരെയാണ് വിഴിഞ്ഞം പോലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിൽ അറസ്റ്റ് ചെയ്തത്. തൂത്തുക്കുടി സ്വദേശിയായ പുതുപെരുമാളിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനാണ് മോഷണം പോയത്.

സംഭവത്തിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ 11-നാണ്. പ്രതിയായ രാജേഷ് തിരുനെൽവേലിയിൽ ബസ്സിറങ്ങിയ ശേഷം, അവിടെവെച്ച് മണി എന്ന വ്യക്തിയോട് വിഴിഞ്ഞം വരെ ഒരു ഓട്ടം പോകണമെന്ന് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തുനിന്ന് കേടായ രണ്ട് എഞ്ചിനുകളും വലകളും എടുത്ത് തൂത്തുക്കുടിയിൽ എത്തിക്കണമെന്നായിരുന്നു രാജേഷ് പറഞ്ഞ ആവശ്യം. തുടർന്ന് മണി, തന്റെ സുഹൃത്തായ പുതുപെരുമാളിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പുതുപെരുമാൾ തന്റെ പിക്കപ്പ് വാൻ ഓടിക്കുന്ന സഹോദരനെ തിരുനെൽവേലിയിലേക്ക് വിട്ട്, രാജേഷിന്റെ ഓട്ടം ഏറ്റെടുക്കാൻ നിർദേശിച്ചു.

തുടർന്ന്, രാജേഷ് വാനിൽ കയറി ഡ്രൈവറായ ഗോവിന്ദരാമനൊപ്പം രാത്രി 11.30-ഓടെ വിഴിഞ്ഞം ഫിഷ്‌ലാന്റിൽ എത്തി. ഇവിടെവെച്ച് ഗോവിന്ദരാമനോട് ഭക്ഷണം കഴിച്ചു വരാൻ ആവശ്യപ്പെട്ട രാജേഷ്, ആ തക്കത്തിന് വാഹനം കടത്തിക്കൊണ്ടുപോയി. കോവളം ബൈപ്പാസ് വഴി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി, അതേ ദിവസം തന്നെ കേസിലെ രണ്ടാം പ്രതിയായ എഡ്‌വിന്റെ ഷെഡിലെത്തിച്ച് വാഹനത്തിന്റെ മുകൾഭാഗം പൊളിച്ചുമാറ്റി.

വാഹനം 3.5 ലക്ഷം രൂപക്കാണ് ഇയാൾ വിറ്റത്. അതിൽനിന്ന് 60,000 രൂപ അഡ്വാൻസായി എഡ്‌വിന്റെ കൈയിൽ നിന്ന് രാജേഷ് കൈപ്പറ്റുകയും, ഈ തുക ഉപയോഗിച്ച് തന്റെ ചില കടങ്ങൾ തീർക്കുകയും ചെയ്തു.

വാഹനം കാണാതായതോടെ ഉടമയായ പുതുപെരുമാൾ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്.ഐ. പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനയകുമാർ, സിവിൽ പോലീസ് ഓഫീസർ രെജിൻ എന്നിവരടങ്ങുന്ന വിഴിഞ്ഞം പോലീസ് ടീമും, സിറ്റി പോലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണമാണ് പ്രതികളെ തമിഴ്‌നാട്ടിൽവെച്ച് പിടികൂടാൻ സഹായിച്ചത്. മോഷണം പോയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഴിഞ്ഞം മുതൽ തമിഴ്‌നാട് വരെയുള്ള 75-ൽ അധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. ഒന്നാംപ്രതിയായ രാജേഷ് അടൂർ, കായംകുളം പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ മോഷ്ടിച്ച കേസുകളിലും പ്രതിയാണ്.