കോണ്‍ഗ്രസിനകത്ത് തലമുറമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സച്ചിന് പൈലറ്റ്. ഗുജറാത്തില്‍ എഐസിസി സമ്മേളനം നടക്കാനിരിക്കുന്നതിന് മുന്‍പാണ് സച്ചിന് പൈലറ്റിന്റെ ഈ വാക്കുകള്‍. യുവനേതാക്കള്‍ തങ്ങളെ ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ചില സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടിട്ടുണ്ടാകാമെങ്കിലും പോരാടാനുള്ള നിശ്ചയദ്ധാര്ഡ്യമോ വീര്യമോ നഷ്ടപ്പെട്ടിട്ടില്ലെന്നും സച്ചിന് പൈലറ്റ് പറഞ്ഞു. ഗുജറാത്തില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കുന്നതിനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നതിനിടെയാണ് എഐസിസി സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഒരു തലമുറമാറ്റം നടക്കുകയാണ്. അത് ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ നടക്കുന്ന ഒന്നല്ലെന്നും ക്രമേണ നടക്കുന്നതാണ്. പിന്നാക്ക വിഭാഗള്‍, യുവജനങ്ങള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ശക്തിപ്പെടുത്തുക എന്നത് പാര്‍ട്ടി ഉത്തരവാദിത്തമായി എടുത്തിരിക്കുന്ന ഒന്നാണ്. നമ്മുടെ ജനസംഖ്യയുടെ വലിയ വിഭാഗമായ ഇവരുടെ മതിയായ പ്രാതിനിധ്യം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും സച്ചിന് പൈലറ്റ് പറഞ്ഞു.
'പാര്‍ട്ടി സംഘടന കാര്യങ്ങളില്‍ ഞങ്ങള്‍ ഉദയ്പൂര്‍ പ്രഖ്യാപനം അംഗീകരിക്കുകയും അത് പാലിക്കുകയും ചെയ്യുന്നു. എല്ലാ പാര്‍ട്ടി നിയമനങ്ങളിലും ആ പ്രഖ്യാപനം മനസ്സില്‍ സൂക്ഷിച്ചാണ് ഇടപെടുന്നത്.', സച്ചിന് പൈലറ്റ് പറഞ്ഞു. തലമുറ മാറ്റം വളരെ സ്വാഭാവികമായി സംഭവിക്കുകയാണ്. പാര്‍ലമെന്റിലും പുറത്തും സംസ്ഥാനങ്ങളിലും എഐസിസി നിയോഗിച്ച പുതിയ നേതാക്കളടക്കം നിരവധി പേര് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു. യുവജനങ്ങള്‍ നേതൃപദവികള്‍ ഏറ്റെടുക്കുകയും ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും സച്ചിന് പൈലറ്റ് പറഞ്ഞു.