ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആള്‍ത്താമസമില്ലാത്ത തന്റെ വസതിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കങ്കണ ഈ പരാമര്‍ശം നടത്തിയത്. ഹിമാചല്‍ സര്‍ക്കാര്‍ പരാജയമാണെന്ന് കങ്കണ കുറ്റപ്പെടുത്തി.
തന്റെ മണ്ഡലമായ മാണ്ഡിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു കങ്കണ- 'ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ദയനീയമായ സാഹചര്യം സൃഷ്ടിച്ചു. ഈ മാസം, മണാലിയിലെ എന്റെ വീടിന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചു, അവിടെ ഞാന്‍ താമസിക്കുന്നത് പോലുമില്ല! ഇവിടുത്തെ അവസ്ഥ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ.'
രാജ്യമെമ്പാടും മോദി തരംഗമുണ്ടെന്നും പക്ഷേ ഹിമാചല്‍ പ്രദേശിന്റെ അവസ്ഥ വേദനാജനകമാണെന്നും കങ്കണ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത് ലജ്ജ തോന്നുന്നു. ജനങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു. സംസ്ഥാനത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ചെന്നായകളുടെ പിടിയില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
പിന്നാലെ കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്തത്തി. കങ്കണ റണാവത്തിന്റെ പ്രസ്താവന അന്യായവും നിരുത്തരവാദപരവുമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുപകരം ഉചിതമായ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ അത്തരം വിഷയങ്ങള്‍ പരിഹരിക്കണമെന്ന് എംപിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഈ പ്രസ്താവന നടത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.