തിരുവല്ലയിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം 8 പേർക്ക് പരിക്ക്

01:33 PM Dec 10, 2025 | Neha Nair

തിരുവല്ല : തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം 8 പേർക്ക് പരിക്ക്. വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ട് ഓടിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് പോത്ത് വിരണ്ടോടിയത്. 

വളഞ്ഞവട്ടം സ്വദേശികളായ ബ്ലസൻ, കുച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, ബോബി, വിജയൻ, ദാസപ്പൻ, തിരുവല്ല ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പരിക്കേറ്റത്. വിരണ്ടു ഓടുന്ന വഴി കണ്ണിൽ കണ്ടവരെ എല്ലാം പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു.  പരിക്കേറ്റവരെ തിരുവല്ലയിലെയും പരിമിതിയും സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. പുളിക്കീഴ് പോലീസ് സ്ഥലത്ത് എത്തി. 

വിരണ്ട പോത്തിനെ താൽക്കാലികമായി തളച്ചു, കഴുത്തിൽ കെട്ടിയിരുന്ന കയർ ഉപയോഗിച്ച് ഒരു മരത്തിൽ ബന്ധിച്ചിരിക്കുകയാണ്. പോത്തിന്റെ ഉടമയായ സുരേഷ് സ്ഥലത്ത് എത്തി പോത്തിനെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.