തിരുവനന്തപുരത്ത് സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് :യുവാവ് അറസ്റ്റിൽ

07:42 PM Dec 06, 2025 | AVANI MV

തിരുവനന്തപുരം: സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേനംകുളം മരിയൻ എൻജിനിയറിങ് കോളെജിന് സമീപം ആറ്റരികത്ത് വീട്ടിൽ രോഷിത് (20) ആണ് പോക്സോ കേസിൽ കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

മേനംകുളം ജങ്ഷനു സമീപം വഴി നടന്നുപോകുകയായിരുന്ന മുൻപരിചയമുള്ള പെൺകുട്ടിയെ സ്‌കൂളിൽ എത്തിക്കാമെന്നു പറഞ്ഞ്‌ കാറിൽ കയറ്റിയശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്‌കൂളിൽ എത്തിയ പെൺകുട്ടി അധ്യാപകരോട് വിവരം പറഞ്ഞു. അധ്യാപകർ ഇക്കാര്യം കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. രേഖാമൂലം പരാതി നൽകി. കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ്‌ ചെയ്തു.