തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശനാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ദര്‍ശന്റെ കിടപ്പുമുറിയിലെ മേശയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കായി എല്ലാം പഠിച്ചിരുന്നുവെങ്കിലും റിവിഷന്‍ ചെയ്ത സമയത്ത് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അച്ഛനും അമ്മയും വിഷമിക്കരുത്. രണ്ട് പേരും തന്നെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചിരുന്നുവെങ്കില്‍ താന്‍ എന്തെങ്കിലും ആകുമായിരുന്നു.
കഠിന ഹൃദയനല്ലാത്തതിനാല്‍ യാത്രയാകുന്നു. സിനിമയില്‍ കാണുന്നതുപോലെ കൂട്ടുകാര്‍ വലിയ ആള്‍ക്കാര്‍ ആകണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ് ദര്‍ശന്‍. പ്ലസ് വണ്‍ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി കൂടിയായിരുന്നു ദര്‍ശന്‍.