തിരുവനന്തപുരം : ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് നേരെ കാട്ടുപോത്താക്രമണം. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിൽനിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാക്കളെ ആക്രമിച്ച ശേഷം കാട്ടുപോത്ത് നെയ്യാർ കനാൽ കടന്ന് അടുത്തുള്ള ജയിൽ കോമ്പൗണ്ടിലേക്ക് കടന്നു. അവിടേക്ക് പോകുന്ന വഴിയിലും കാൽനട യാത്രക്കാരനെ കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഒറ്റയാൻ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്.