മുതലപ്പൊഴി ഹാർബറിലെ മണൽനീക്കം; സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ച ഇന്ന്

11:11 AM Apr 16, 2025 | AJANYA THACHAN

തിരുവനന്തപുരം : മുതലപ്പൊഴി ഹാർബറിലെ മണൽനീക്കം സംബന്ധിച്ചുള്ള വിഷയത്തിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ആദ്യഘട്ടത്തിൽ സിഐടിയു പ്രതിനിധികളുമായിട്ടാണ് ചർച്ച. മണൽ നീക്കം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്‍റെ നേതൃത്വത്തിൽ മന്ത്രിമാരായ സജി ചെറിയാനും വി ശിവൻകുട്ടിക്കും നിവേദനം കൈമാറിയിരുന്നു.

ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് തൊഴിലാളികൾ കഴിഞ്ഞ ദിവസം ഉപരോധിച്ചു. അതേസമയം മണൽ നീക്കം വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ സമരക്കാരെ സർക്കാർ ചർച്ചയിൽ ധരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച നടക്കുക. 

മുതലപ്പൊഴി ഹാർബറിലെ മണൽനീക്കം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു. ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് തൊഴിലാളികൾ ഉപരോധിച്ചു. തുടർന്ന് മണൽ നീക്കം ഇരട്ടി വേഗത്തിലാക്കാൻ കരാറുകാരന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. 

നിലവിൽ 2,000 ക്യുബിക് മീറ്റർ മണലാണ് ഒരു ദിവസം നീക്കുന്നത്. ഇതാണ് ഇരട്ടിയാക്കാൻ നിർദേശിച്ചത്. കൂടുതൽ കമ്പനികൾക്ക് കരാർ നൽകാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. മാരിടൈം ബോർഡിന്റെ ഡ്രഡ്ജർ കൂടി മുതലപ്പൊഴിയിൽ എത്തിച്ച് മണൽ നീക്കം വേഗത്തിൽ ആക്കാനും ഫിഷറീസ് വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.