+

ബിഎസ്എന്‍എല്‍ ഉപേക്ഷിക്കേണ്ട അവസ്ഥ, ഇടയ്ക്കിടെ കോള്‍ മുറിഞ്ഞുപോകുന്നു, ജിയോയ്ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനം കേന്ദ്രം നശിപ്പിച്ചെന്ന് തോമസ് ഐസക്

ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ഉപേക്ഷിക്കുകയോ മറ്റൊരു കമ്പനിയുടെ കണക്ഷനെടുക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്.

കൊച്ചി: ബിഎസ്എന്‍എല്‍ സിം കാര്‍ഡ് ഉപേക്ഷിക്കുകയോ മറ്റൊരു കമ്പനിയുടെ കണക്ഷനെടുക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ഫോണ്‍ വിളക്കുമ്പോള്‍ ഇടയ്ക്കിടെ കട്ടാവുകയാണ്. രാജ്യത്തെ ഒന്നാംകിട മൊബൈല്‍ ദാതാക്കളായി മാറേണ്ടിയിരുന്ന ബിഎസ്എന്‍എല്ലിനെ ജിയോയ്ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കുറച്ചു ദിവസമായിട്ട് ഫോണ്‍ ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. കോളുകള്‍ മുറിഞ്ഞു പോവുക പതിവായി. 2-3 പ്രാവശ്യം വിളിച്ചാലേ കണക്ഷന്‍ കിട്ടുകയുള്ളൂ. എനിക്ക് അറിയാവുന്ന പലരും ഫോണ്‍ നമ്പര്‍ മാറ്റാതെ പുതിയ നെറ്റുവര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യുകയാണ്. ഇനിയിപ്പോള്‍ ഡബിള്‍ സിമ്മിലേക്ക് പോയാലേ ബിഎസ്എന്‍എല്‍ നിലനിര്‍ത്തിക്കൊണ്ട് ഫോണ്‍ ചെയ്യാനാകൂവെന്നതാണ് സ്ഥിതി.
ബിഎസ്എന്‍എല്ലിനെ തകര്‍ക്കതില്‍  ബിജെപിക്കു മാത്രമല്ല കോണ്‍ഗ്രസിനും പങ്കുണ്ട്.

2000-ത്തിലാണ് ബിഎസ്എന്‍എല്‍ സ്ഥാപിതമായത്. മൊബൈല്‍ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയ വര്‍ഷം. എയര്‍ടെല്‍, റിലയന്‍സ്, ഹച്ചിന്‍സണ്‍ എന്നിവര്‍ മൊബൈല്‍സര്‍വ്വീസുകള്‍ 2000 മുതല്‍ ആരംഭിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞേ ബിഎസ്എന്‍എല്ലിന് അനുമതി കൊടുത്തുള്ളൂ. എന്നിട്ടും 2006-ല്‍ ബിഎസ്എന്‍എല്‍ മാര്‍ക്കറ്റിന്റെ 18 ശതമാനം പിടിച്ചെടുത്തു. എയര്‍ടെല്ലിന്റെ കമ്പോളവിഹിതത്തേക്കാള്‍ ഒരു ശതമാനം മാത്രം കുറവ്.

വൈകിവന്നിട്ടും കമ്പോള മത്സരത്തില്‍ ഓടിക്കയറുക മാത്രമല്ല, മൊബൈല്‍ സര്‍വ്വീസ് ചാര്‍ജ്ജ് സംബന്ധിച്ച് സ്വകാര്യ കമ്പനികളുടെ കാര്‍ട്ടല്‍ പൊളിക്കാനും കഴിഞ്ഞു. ഒരു മിനിറ്റ് ഔട്ട് ഗോയിംഗ് കാളിന് 15 രൂപയും ഇന്‍ കമിംഗ് കാളിന് 8 രൂപയുമാണ് ഈടാക്കിക്കൊണ്ടിരുന്നത്. ഇത് മൂന്ന് മിനിറ്റിന് 2.40 രൂപയായി കുറഞ്ഞു.

ഇതോടെ ഒരു കാര്യം വ്യക്തമായി. ലെവല്‍ പ്ലേയിംഗ് ഗ്രൗണ്ട് ഉണ്ടെങ്കില്‍ ബിഎസ്എന്‍എല്ലിനെ തോല്‍പ്പിക്കാനാവില്ല. പിന്നെയുള്ള കോണ്‍ഗ്രസ്, ബിജെപി സര്‍ക്കാരുകളുടെ നീക്കങ്ങളെല്ലാം ബിഎസ്എന്‍എല്ലിനെ കൂച്ചുവിലങ്ങ് ഇടാനായിരുന്നു.

2007-ല്‍ 4.5 കോടി മൊബൈല്‍ ലൈനുകള്‍ക്കു വേണ്ടിയുള്ള ബിഎസ്എന്‍എല്ലിന്റെ ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. അന്ന് മുതല്‍ ഇന്ന് വരെ ഒരു ടെണ്ടര്‍ പോലും ഈ ഇനത്തില്‍ കമ്പനിക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

2013-ല്‍ സ്വകാര്യ കമ്പനികള്‍ക്കെല്ലാം 3ജി സ്‌പെക്ട്രം ഇഷ്ടമുള്ള ജില്ലയില്‍ അനുവദിച്ചു കൊടുത്തു. ശിഷ്ടം ബിഎസ്എന്‍എല്ലിന്റെ തലയില്‍ കെട്ടിവച്ചു.

2014-ല്‍ സ്വകാര്യ കമ്പനികള്‍ക്ക് 4ജി സ്‌പെക്ട്രം അനുവദിച്ചു. എന്നാല്‍ ബിഎസ്എന്‍എല്ലിന് 2020 വരെ കാത്തിരിക്കേണ്ടി വന്നു. ടെണ്ടര്‍ വിളിച്ചു കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനികളെപ്പോലെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലായെന്ന വ്യവസ്ഥയുണ്ടാക്കി തടഞ്ഞു.

2019-ല്‍ 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. പക്ഷേ, ഈ പണം 1.53 ലക്ഷം ജീവനക്കാരില്‍ 78,569 ജീവനക്കാര്‍ക്ക് വിആര്‍എസ് കൊടുക്കാനാണ് ഉപയോഗിച്ചത്. അങ്ങനെ ബിഎസ്എന്‍എല്ലിന്റെ ഏറ്റവും വലിയ മത്സരശേഷി ആയിരുന്ന പരിചയസമ്പന്നരായ ജീവനക്കാരെ ഒറ്റയടിക്ക് ഇല്ലാതാക്കി.

ജിയോയ്ക്ക് മുഴുവന്‍ ഡാറ്റയും കൈക്കലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനിന്നു. മറ്റു സ്വകാര്യ കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ 1.64 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളി.
സ്വകാര്യ കമ്പനികള്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അഞ്ച് ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്ലിന് അനുവദിച്ച വായ്പ 15,000 കോടി രൂപ മാത്രം.
2024-ല്‍ 5ജി സ്‌പെക്ട്രം താഴ്ന്ന വിലയ്ക്ക് കൈക്കലാക്കിയ സ്വകാര്യ കമ്പനികള്‍ ഏകപക്ഷീയമായി താരിഫ് നിരക്കുകള്‍ 20-25 ശതമാനം വര്‍ദ്ധിപ്പിച്ചു. ബിഎസ്എന്‍എല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചില്ല. ബിഎസ്എന്‍എല്ലിന്റെ വെല്ലുവിളി അവസാനിപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ കണ്ടിരിക്കുന്ന മാര്‍ഗമാണ് ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതെയും മെയിന്റനന്‍സ് നടത്താതെയും ഉപഭോക്താക്കളെ മുഴുവന്‍ ഔട്ട് ഓഫ് കവറേജ് ആക്കുക.
ഇതിനിടയിലാണ് സിഎജിയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ 10 വര്‍ഷക്കാലത്തിലേറെയായി ജിയോയും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കരാര്‍ പ്രകാരം 2014 മുതല്‍ 24 വരെയുള്ള പത്തുവര്‍ഷത്തെ ബില്ല് 1757.76 കോടി രൂപ വരും. ഇത് ബിഎസ്എന്‍എല്‍ ചോദിച്ചിട്ടുമില്ല. ജിയോ നല്‍കിയിട്ടുമില്ല. 2014-ല്‍ ഏര്‍പ്പെട്ട കരാറില്‍ 15 വര്‍ഷത്തേക്കാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള അനുവാദമുള്ളത്.

വിവിധ മേഖലകളിലായി ആന്റിന, റിമോട്ട് റേഡിയോ ഹെഡുകള്‍ എന്നിവ സ്ഥാപിക്കായിരുന്നു കരാര്‍. കരാറില്‍ ഉള്‍പ്പെടാത്ത സാങ്കേതിക വിദ്യകളായ എഫ്.ഡി.ഡി, ടി.ഡി.ഡി എന്നിവയും ജിയോ സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇനി ഇപ്പോള്‍ ബിഎസ്എന്‍എല്‍ ജിയോയേയും ടാറ്റയേയും ഏല്‍പ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാല്‍ മതി. ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബിജെപിയുടെ ശ്രമം.

facebook twitter