തിരുവനന്തപുരം: ക്ഷേമ പെന്ഷന് 2,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതോടെ സാധാരണക്കാരോടുള്ള പ്രതിബദ്ധത ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണ് ഇതെന്നാണ് യുഡിഎഫിന്റെ വിമര്‍ശനം. എന്നാല്‍, 600 രൂപയുണ്ടായിരുന്ന പെന്ഷന് 25 മാസത്തോളം യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് കുടിശ്ശികയായിരുന്നെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് ഓര്‍മിപ്പിച്ചു. അന്ന് കുടിശ്ശിക മാത്രം 1,473 കോടി രൂപ കൊടുത്തുതീര്‍ത്തു. ദയവ് ചെയ്ത് പാവങ്ങളുടെ ഓര്‍മ്മകളെ ഇനിയും അപഹസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്നെ സാക്ഷിയായി വിളിച്ചിരിക്കുന്നു. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് കുടിശിക ഇല്ലെന്ന് ഞാന്‍ പറഞ്ഞു എന്നതാണ് സതീശന്റെ വാദം. അതിനുശേഷം എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നു, തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നു. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുക.
1) എല്‍ഡിഎഫ് 2016-ല്‍ അധികാരത്തില്‍ വരുമ്പോള്‍ കുടിശിക എത്രയെന്ന് ഒരു എത്തുംപിടിയുമില്ലാത്ത സ്ഥിതിയായിരുന്നു. ഓരോ പെന്‍ഷന്റെയും നില വ്യത്യസ്തമായിരുന്നു. പുതിയ സര്‍ക്കാര്‍ ഏതായാലും കുടിശിക മുഴുവന്‍ ഓണത്തിനു കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, ഒരു പരിധി നിശ്ചയിച്ചു. കുടിശിക പരമാവധി 15000 രൂപയേ ഉടന്‍ കൊടുക്കൂ. അപ്പോള്‍ നിങ്ങള്‍ കണക്കു കൂട്ടൂ. എത്ര മാസത്തെ കുടിശികയാണു കൊടുക്കാന്‍ ഉണ്ടായിരുന്നതെന്ന്. 600 രൂപ ആയിരുന്നല്ലോ അന്നത്തെ പെന്ഷന്. 25 മാസത്തെ വരെ കുടിശിക കൊടുക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്കും വിവിധ ക്ഷേമനിധികള്‍ക്കും അനുവാദം നല്കി. ആ ഉത്തരവാണ് ആദ്യ കമന്റില്‍ കൊടുത്തിട്ടുള്ളത്. ഇതാണ് ഒന്നാമത്തെ തെളിവ്.
2) അങ്ങനെ എത്ര കോടിരൂപയുടെ കുടിശിക തീര്‍ത്തു? 1473 കോടി രൂപ. ശ്രീ. രാജു എബ്രഹാമിന് 3-3-2020-ല്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 425-ന് മറുപടിയായിട്ടാണ് ഈ തുക വെളിപ്പെടുത്തിയത്. (ഈ രണ്ടാമത്തെ തെളിവ് രണ്ടാമത്തെ കമന്റായി കൊടുത്തിരിക്കുന്നു) അന്ന് മൊത്തം ക്ഷേമ പെന്‍ഷന്‍കാരുടെ എണ്ണം 34 ലക്ഷമാണ്. അതില്‍ ഗണ്യമായൊരു പങ്ക് അവസാന വര്‍ഷം മന്ത്രി മുനീര്‍, ക്യാമ്പയിന് അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ ആക്കിയതായിരുന്നു. 75% പേര്‍ക്ക് കുടിശിക ഉണ്ടായിരുന്നുവെന്ന് കണക്കാക്കുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും 10 മാസത്തിലേറെ കുടിശികയുണ്ട്.
3) ഇനി മൂന്നാമത്തെ തെളിവ്. 2016 ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട യുഡിഎഫ് ഭരണക്കാലത്തെ പെന്ഷന് വിതരണത്തെക്കുറിച്ചുള്ള സി&എജി റിപ്പോര്‍ട്ട്. (മൂന്നാമത്തെ കമന്റില്‍) 32 തദ്ദേശഭരണ സ്ഥാപനങ്ങളെ സാമ്പിളായി പഠിച്ചതില്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും കുടിശികയുണ്ട്. ''സഞ്ചിത കുടിശിക 2014 സെപ്തംബര്‍ 2015 ജനുവരി വരെയുള്ളതാണ്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കുടിശിക 2013 സെപ്തംബര്‍ മുതലാണ്. പാപ്പിനിശ്ശേരി പഞ്ചായത്തില്‍ കുടിശിക 2014 ഏപ്രില്‍ മുതലാണ്.'' എന്നുവച്ചാല്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കുടിശിക 20 മാസത്തേതാണ്. പാപ്പിനിശ്ശേരി പഞ്ചായത്തില്‍ കുടിശിക 13 മാസത്തേതാണ്. ഇങ്ങനെ ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും.
4) 2016 ഓണത്തിന് 15000 രൂപ വരെ കുടിശിക തീര്‍ത്തുകിട്ടിയപ്പോള്‍ ആഹ്ലാദിക്കുന്ന പാവപ്പെട്ടവരെക്കുറിച്ചുള്ള പത്രറിപ്പോര്‍ട്ടുകള്‍, അവര്‍ ഒപ്പിട്ട് കാശ് വാങ്ങിയ രസീതുകള്‍ എല്ലാം ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. അവയില്‍ ചിലത് (നാല്, അഞ്ച് കമന്റുകളില്‍) കൊടുത്തിരിക്കുന്നു.
ദയവ് ചെയ്ത് പാവങ്ങളുടെ ഓര്‍മ്മകളെ ഇനിയും അപഹസരിക്കരുത്.