'നെഹ്റുവിന്റെ വിമര്‍ശിക്കുന്നവര്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍'; ബിജെപിക്കെതിരെ സോണിയ ഗാന്ധി

07:00 AM Dec 07, 2025 | Suchithra Sivadas

നെഹ്റുവിനെ നിരന്തരം വിമര്‍ശിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി. നെഹ്റുവിനെ താഴ്ത്തിക്കെട്ടാനും അപകീര്‍ത്തിപ്പെടുത്താനും, ചരിത്രത്തെ വളച്ചൊടിക്കാനുമാണ് ബിജെപിക്ക് താത്പര്യം എന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. നെഹ്റു സെന്റര്‍ ഇന്ത്യ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരുപാടിയിലായിരുന്നു സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടത്.

പൊതുപണം ഉപയോഗിച്ച് നെഹ്റു ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന രാജ്നാഥ് സിംഗിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു സോണിയ ഗാന്ധി. ബിജെപിയുടെ പേര് പറയാതെയായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം. 'നെഹ്റുവിനെ അപമാനിക്കാനാണ് നിലവിലെ ഭരണകൂടത്തിന്റെ ശ്രമം. നെഹ്റുവിനെ പൂര്‍ണമായും മായ്ച്ച് കളയാന്‍ മാത്രമല്ല, രാജ്യത്തിന്റെ അടിസ്ഥാനമായിരുന്ന നിര്‍ണായക രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളെ കൂടി നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്' എന്നും സോണിയ ഗാന്ധി പറഞ്ഞു. നെഹ്റുവിനെ വിമര്‍ശിക്കുന്നവര്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവരാണെന്നും ഭരണഘടന നിര്‍മാണത്തില്‍ പോലും അവര്‍ക്ക് യാതൊരു പങ്കുമില്ലായിരുന്നുവെന്നും സോണിയ ഗാന്ധി ആഞ്ഞടിച്ചു.

'മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച വെറുപ്പ് ഉത്പാദിപ്പിച്ച ഒരു പ്രത്യയശാസ്ത്രമാണത്. മഹാത്മാവിന്റെ കൊലയാളികളെ ഇന്നും അവരുടെ അനുയായികള്‍ മഹത്വവത്കരിക്കുകയാണ്. മതഭ്രാന്തും വര്‍ഗീയതയും മാത്രമുള്ള ഒരു പ്രത്യയശാസ്ത്രമാണത്'; സോണിയ ഗാന്ധി വിമര്‍ശിച്ചു. നെഹ്രുവിന്റെ ജീവിതം വിമര്‍ശനത്തിന് വിധേയമാക്കപ്പെടുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കാനും ചരിത്രത്തെ മാറ്റിയെഴുതാനുമുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

നെഹ്റു നേരിട്ട വെല്ലുവിളികളില്‍ നിന്നെല്ലാം അദ്ദേഹത്തെ വേര്‍പ്പെടുത്തി, ചരിത്രപരമായ സന്ദര്‍ഭങ്ങളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. മുന്നോട്ടുള്ള പാത അത്ര എളുപ്പമല്ലെന്നും ഇത്തരം പദ്ധതികളെ ശക്തമായി നേരിടേണ്ടത് അത്യാവശ്യമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.