യെമനിലെ സനായിലുള്ള ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരും സാമൂഹ്യ പ്രവര്‍ത്തകരും മതപണ്ഡിതരും മലയാളികള്‍ മുഴുവനും ശ്രമിക്കുമ്പോള്‍, നിമിഷ പ്രിയയെ മോചിപ്പിക്കരുതെന്ന് ശക്തമായി വാദിക്കുകയാണ് സംഘപരിവാര്‍ അനുകൂല പ്രസ്താവനകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമായ ശ്രീജിത്ത് പണിക്കര്‍. മലയാളികളായ ഒരു ചെറുവിഭാഗം നിമിഷ പ്രിയയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം ശ്രമങ്ങള്‍ക്ക് പിറകേ യമന്‍ പൗരന്റെ കുടുംബം വരെ പ്രതികരണവുമായി രംഗത്തെത്തി കഴിഞ്ഞു.
വധശിക്ഷ കാത്തുകിടക്കുന്നത് കൊലക്കേസിലാണെന്നും അവരോട് അനുകമ്പയുണ്ടാകേണ്ട എന്ന നിലപാടാണ് തുടരെയുള്ള തന്റെ വീഡിയോകളിലൂടെ ശ്രീജിത്ത് പണിക്കര്‍ വിശദീകരിക്കുന്നത്. നിമിഷ ചെയ്തത് ചെറിയതെറ്റല്ലെന്നും സ്വന്തം രാജ്യത്തിന്റെ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചെയ്തത് തെറ്റല്ലെന്ന് തെളിഞ്ഞിട്ടും ഇന്ത്യന്‍ കോടതികളുടെയും അന്താരാഷ്ട്ര കോടതിയുടെയും സംരക്ഷണം ഉണ്ടായിട്ടും ഇറ്റാലിയന്‍ നാവികരെ അവരുടെ നാട്ടിലേക്ക് വിട്ടയതിനെ എതിര്‍ത്തവരാണ് ഇക്കാര്യത്തില്‍ നിമിഷപ്രിയയെ രക്ഷിക്കണമെന്ന് വാദിക്കുന്നതെന്നാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ പറയുന്നത്.
2020ല്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിമിഷ പ്രിയ കുറ്റസമ്മതം നടത്തുന്നുണ്ടെന്നാണ് ശ്രീജിത്ത് പണിക്കര്‍ പങ്കുവച്ച ആദ്യ വീഡിയോയിലുള്ളത്. അതില്‍ ആസൂത്രണം മുതല്‍ കുറ്റകൃത്യം ഒളിപ്പിച്ച് കടന്നുകളഞ്ഞ കാര്യം വരെ വിശദീകരിക്കുന്നുണ്ടെന്നാണ് ശ്രീജിത്ത് പണിക്കര്‍ അവകാശപ്പെടുന്നത്. അതിനാല്‍ നിമിഷപ്രിയ നിരപരാധിയെന്ന് എങ്ങനെ വാദിക്കാനാകുമെന്നും ശ്രീജിത്ത് ചോദിക്കുന്നുണ്ട്. രണ്ടാമത്തെ വീഡിയോയില്‍ നിമിഷ പ്രിയ ചെയ്ത ക്രൂരത എന്താണെന്ന് മനസിലായവര്‍ക്ക് അവര്‍ക്കൊപ്പം ഒരിക്കലും നില്‍ക്കാനാവില്ലെന്നാണ് ശ്രീജിത്ത് പറയുന്നത്. സ്വയം പ്രതിരോധിക്കുന്നതും ആസൂത്രിത കുറ്റകൃത്യവും രണ്ടാണെന്ന് പറഞ്ഞുകൊണ്ട് താന്‍ നിമിഷപ്രിയയ്ക്കൊപ്പമല്ലാത്തത് എന്ത് കൊണ്ടെന്നാണ് ഇതിലെ വിശദീകരണം.
നിമിഷപ്രിയയുടെ വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്കും അവരുടെ മോചനത്തിനും പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ആശങ്കപ്പെടുന്നത്. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് കുടുംബവുമായുള്ള ചര്‍ച്ച തുടരുകയാണ്. ഇതിനായി പല കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിലാണ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ല്‍ നിന്നും മാറ്റിവച്ചത്. പക്ഷേ നിമിഷപ്രിയയ്ക്ക് എതിരെ നടക്കുന്ന പ്രചരണങ്ങള്‍ തലാലിന്റെ കുടുംബത്തിലും ബന്ധപ്പെട്ട അധികാരികളിലും എത്തുന്നുണ്ട്. അതില്‍ പ്രമുഖ പങ്ക് വഹിക്കുന്നതാണ് ശ്രീജിത്ത് പണിക്കരുടെ വീഡിയോകള്‍.